ന്യൂദല്‍ഹി-രണ്ടുമാസം പിന്നിട്ട അതിര്‍ത്തികളിലെ കര്‍ഷകസമരത്തിനെതിരേ വീണ്ടും ശക്തമായ നടപടികളുമായി സര്‍ക്കാര്‍. കര്‍ഷകസമരത്തിന്റെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ ചുമതലപ്പെടുത്തിയ സര്‍ക്കാര്‍ സമരകേന്ദ്രങ്ങളിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നത് തടയാനുള്ള നടപടികളും തുടങ്ങി.
ദല്‍ഹിയിലെ സിംഘു, തിക്രി, ഗാസിപ്പുര്‍ അതിര്‍ത്തികളിലെ ഇന്റര്‍നെറ്റ് സേവനം കേന്ദ്ര ആഭ്യന്തരമന്ത്രാലയം റദ്ദാക്കി. ഹരിയാനയിലെ 17 ജില്ലയിലും ഇന്റര്‍നെറ്റ് വിലക്ക് നീട്ടി. പൊതുസുരക്ഷ മുന്‍നിര്‍ത്തിയാണ് നടപടിയെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചെങ്കിലും സമരകേന്ദ്രങ്ങള്‍ ഒഴിപ്പിക്കാനുള്ള നീക്കത്തിന് മുന്നോടിയാണിതെന്നാണ് അഭ്യൂഹം. കര്‍ഷകസമരത്തിനുപിന്നിലുള്ള ചില എന്‍.ജി.ഒ.കള്‍ അനധികൃത പണമിടപാട് നടത്തിയിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. റിപ്പബ്ലിക്ദിനത്തില്‍ കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെ ചെങ്കോട്ടയില്‍ അക്രമം കാട്ടിയവര്‍ക്കുപിന്നില്‍ പ്രവര്‍ത്തിച്ചവരുടെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ചാണ് ആദ്യഘട്ടത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം. ദല്‍ഹി പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍. അടിസ്ഥാനമാക്കിയാണ് അന്വേഷണം തുടങ്ങിയത്. പ്രാഥമികാന്വേഷണത്തിനുശേഷം കള്ളപ്പണ നിയന്ത്രണ നിയമപ്രകാരം നടപടികളെടുക്കും. അടുത്തകാലത്ത് സജീവമായ ചില ഹവാല ഓപ്പറേറ്റര്‍മാരെ കേന്ദ്രീകരിച്ചാണ് അന്വേഷണം.
ട്രാക്ടര്‍ റാലിയെത്തുടര്‍ന്നുണ്ടായ അക്രമത്തില്‍ ദല്‍ഹി പോലീസും കര്‍ശനനടപടി തുടരുകയാണ്. ഇതുവരെ 84 പേരെ അറസ്റ്റുചെയ്തു. കലാപത്തിനും പൊതുസ്വത്ത് നശിപ്പിച്ചതിനും വിവിധ സ്‌റ്റേഷനുകളിലായി രജിസ്റ്റര്‍ചെയ്ത 38 കേസിലാണ് നടപടി.