ദല്‍ഹി- റിപ്പബ്ലിക് ദിനത്തിലെ കര്‍ഷക സമരക്കാരുടെ കിസാന്‍ പരേഡിനിടെ ഉണ്ടായ അനിഷ്ടസംഭവങ്ങളുടെ പേരില്‍ പ്രതിരോധത്തിലായ കര്‍ഷകരെ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ അടിച്ചമര്‍ത്താന്‍ ശ്രമിച്ചത് വിലപോയില്ല. യുപി പോലീസും അധികാരികളും സമരക്കാരെ തുരത്തിയോടിക്കാന്‍ ശ്രമിച്ച ദല്‍ഹി-യുപി അതിര്‍ത്തിയായ ഗാസിപൂരിലേക്ക് യുപിയുടേയും ഹരിയാനയുടെയും വിവിധ ഭാഗങ്ങളില്‍ നിന്ന് കൂടുതര്‍ കര്‍ഷകര്‍ എത്തിത്തുടങ്ങി. റോഡുകള്‍ ബ്ലോക്ക് ചെയ്തിട്ടുണ്ടെങ്കിലും ഇതെല്ലാം മറികടന്നാണ് കര്‍ഷകര്‍ എത്തുന്നത്. ഭാരതീയ കിസാന്‍ യൂണിയന്‍ കഴിഞ്ഞ ദിവസം മുസഫര്‍പൂരില്‍ വിളിച്ചു ചേര്‍ത്ത മഹാപഞ്ചായത്തിന്റെ തീരുമാന പ്രകാരമാണ് കൂടുതല്‍ കര്‍ഷകര്‍ സമരമുഖത്തേക്കിറങ്ങുന്നത്. പലയിടത്തു നിന്നും ട്രാക്ടറുകളിലും ട്രക്കുകളിലുമായി അവശ്യവസ്തുക്കളും വെള്ളം ശേഖരിച്ച് ദിവസങ്ങളോളം തമ്പടിക്കാനുള്ള സജ്ജീകരണങ്ങളുമായാണ് കര്‍ഷകരുടെ വരവ്.
പലരും കൃഷി നോക്കി നടത്താന്‍ കുടുംബത്തെ ഏല്‍പ്പിച്ചാണ് വരുന്നത്. പോലീസ് അടിച്ചമര്‍ത്തലിനെതിരെ പ്രതികരിക്കവെ ബികെയു നേതാവ് രാകേഷ് ടികായത്ത് മാധ്യമങ്ങള്‍ക്കു മുമ്പില്‍ പൊട്ടിക്കരഞ്ഞത് കര്‍ഷകരെ ഏറെ വേദനിപ്പിച്ചുവെന്നാണ് വിലയിരുത്തല്‍. ടിക്കായത്തിന്റെ കണ്ണീര്‍ കണ്ടാണ് സമരമുഖത്തേക്ക് തിരിച്ചതെന്ന് ഖഞ്ചര്‍പൂരില്‍ നിന്നു ഗാസിപൂരിലെ സമരഭൂമിയിലെത്തിയ സുബോധ് കുമാര്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. ടിവിയില്‍ ടിക്കായത്ത് കരയുന്നത് കണ്ട് തന്റെ ഭാര്യ പോലും കരഞ്ഞെന്ന് അദ്ദേഹം പറയുന്നു.
ഗാസിപൂര്‍ അതിര്‍ത്തിയിലെ സമരഭൂമിയിലേക്ക് കൂടുതല്‍ കര്‍ഷകര്‍ എത്തിത്തുടങ്ങിയതോടെ ബികെയു പ്രവര്‍ത്തകരും രാഷ്ട്രീയ ലോക് ദള്‍ പ്രവര്‍ത്തകരും ഇവര്‍ക്ക് ആവശ്യമായ കുടിവെള്ളവും ഭക്ഷണവും കൂടുതലായി എത്തിച്ചുത്തുടങ്ങി. സമീപ ഗ്രാമങ്ങളില്‍ നിന്നും പച്ചക്കറികളും മറ്റും ഇവിടേക്ക് സന്നദ്ധ സേവകര്‍ എത്തിച്ചു കൊണ്ടിരിക്കുന്നുണ്ട്. ഇവിടെ സമൂഹ അടുക്കളയും കുടുതല്‍ സജീവമായിരിക്കുകയാണ്. ദേശീയ പാത 24നോട് ചേര്‍ന്നുള്ള സമരഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന സമൂഹ അടുക്കളകളില്‍ ഒന്നില്‍ നേരത്തെ ആയിരം പേര്‍ക്കാണ് ഭക്ഷണം പാകം ചെയ്തിരുന്നതെങ്കില്‍ ഇപ്പോള്‍ മുവ്വായിരം പേര്‍ക്കാണ് ഭക്ഷണമൊരുക്കുന്നതെന്ന് നടത്തിപ്പുകാരനായ ദേശ്പാല്‍ സിങ് പറയുന്നു.
സമരത്തിനെത്തുന്ന കര്‍ഷകര്‍ കൊണ്ടു വന്ന റേഷനും മറ്റു ഭക്ഷ്യ വസ്തുക്കളും സമൂഹ അടുക്കളകള്‍ക്കായി സംഭാവന നല്‍കുകയാണ് ചെയ്യുന്നത്. എല്ലാ ദിവസവും ഭഗപതില്‍ നിന്നും ശംലിയില്‍ നിന്നും 5000 വാട്ടര്‍ കാനുകള്‍ തന്റെ സഹോദരങ്ങള്‍ ഇവിടെ എത്തിച്ചു നല്‍കുന്നുണ്ടെന്നും ദേശ്പാല്‍ സിങ് പറഞ്ഞു. കുടിവെള്ളത്തിന് പ്രശ്‌നമുണ്ട്. ദല്‍ഹി സര്‍ക്കാരും സഹായിക്കുന്നുണ്ട്. ഇവിടെ ഇപ്പോള്‍ കൂടുതല്‍ സമരക്കാര്‍ എത്തിക്കൊണ്ടിരിക്കുകയാണ്- അദ്ദേഹം പറഞ്ഞു.