Sorry, you need to enable JavaScript to visit this website.

പുരസ്‌കാരം മേശപ്പുറത്തുവെച്ചതില്‍ തെറ്റില്ല- കനി കുസൃതി

തിരുവനന്തപുരം- സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്ദാന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ കൈയില്‍ കൊടുക്കാതെ മേശപ്പുറത്തു വെച്ചതില്‍ തെറ്റില്ലെന്നു മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയ കനി കുസൃതി. അവാര്‍ഡുകള്‍ മേശപ്പുറത്തു വച്ചു കൊടുത്തതിലൂടെ അവാര്‍ഡ് ജേതാക്കളെ സര്‍ക്കാരും മുഖ്യമന്ത്രിയും അപമാനിക്കുകയായിരുന്നു എന്ന വിമര്‍ശത്തോടു പ്രതികരിക്കുകയായിരുന്നു കനി.

മുഖ്യമന്ത്രിയും അവിടെ കൂടിയ മറ്റുള്ളവരും പല പ്രായത്തില്‍പെട്ട ആളുകളായിരുന്നു.  ഓരോ ആളിന്റെയും  ഇമ്മ്യൂണിറ്റി പലതരത്തിലാണ്.  കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പിന്‍വലിക്കാന്‍ കഴിയാത്ത ഈ സാഹചര്യത്തില്‍ പുരസ്‌കാരങ്ങള്‍ കൈമാറാതെ സ്വീകരിക്കുക എന്ന നടപടി അങ്ങേയറ്റം പ്രശംസനീയമാണ്. നാട്ടുകാരോട് കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം എന്ന് നിര്‍ദേശം കൊടുത്തിട്ടു സര്‍ക്കാര്‍ ഇത്തരത്തില്‍ ചടങ്ങുകള്‍ നടത്തുമ്പോള്‍ അവിടെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കുന്നതു നിരുത്തരവാദപരമാണ്. അവിടെ ഒത്തുകൂടിയവര്‍ക്ക് രോഗബാധ ഉണ്ടായാല്‍ അത് തിരുത്താന്‍ പറ്റാത്ത തെറ്റാകും.

പൊതു പ്രവര്‍ത്തകരും താരങ്ങളും സമൂഹത്തില്‍ മാതൃക കാണിക്കേണ്ടവരാണ്. ഈ അവാര്‍ഡ് ദാന ചടങ്ങ് വളരെ ഉത്തരവാദിത്തത്തോടെയാണ് നടത്തിയത്. എല്ലാവരും കാര്യമാത്ര പ്രസക്തമായി സംസാരിക്കുകയും ചടങ്ങു വേഗത്തില്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.  അതിനു സര്‍ക്കാരിനെ അഭിനന്ദിക്കുന്നു- കനി പറഞ്ഞു.

 

 

Latest News