Sorry, you need to enable JavaScript to visit this website.

അസംബ്ലിയിലും പാര്‍ലമെന്റിലും പ്രവാസികള്‍ക്ക് സംവരണം  വേണം 

ന്യൂദല്‍ഹി- പ്രവാസി ഭാരതീയര്‍ക്കായി ജനപ്രാതിനിധ്യ സഭകളില്‍ പ്രത്യേക സംവരണ മണ്ഡലം വേണമെന്ന് സി.വി. ആനന്ദബോസ് കമ്മിഷന്‍. ഓരോ രാജ്യത്തുമുള്ള പ്രവാസികളുടെ എണ്ണമനുസരിച്ച് അവരുടെതന്നെ പ്രതിനിധിയെ തിരഞ്ഞെടുക്കുന്നതിന് വെര്‍ച്വല്‍ മണ്ഡലങ്ങളാണ് കമ്മിഷന്‍ ലക്ഷ്യമിടുന്നത്. തദ്ദേശസ്ഥാപനങ്ങള്‍ മുതല്‍ ലോക്‌സഭയില്‍ വരെ തങ്ങളുടെ പ്രതിനിധിയെ തിരഞ്ഞെടുത്ത് അയക്കുന്നതിന് പ്രവാസികള്‍ക്ക് അവസരം നല്‍കുന്നതാണ് കമ്മിഷന്റെ ശുപാര്‍ശ.പ്രവാസികള്‍ കൂടുതലുള്ള രാജ്യങ്ങളില്‍ ഇന്ത്യക്കാര്‍ക്ക് സഹായം നല്‍കാനും താത്കാലിക താമസസൗകര്യമൊരുക്കാനും ഇന്ത്യാ ഹൗസുകള്‍ തുറക്കണം. എംബസികള്‍ ജനസൗഹൃദമാക്കണമെന്നാണ് മറ്റൊരു ശുപാര്‍ശ.
പ്രവാസി, അതിഥി, കരാര്‍ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പഠിക്കാനായി കേന്ദ്രസര്‍ക്കാരാണ് സി.വി. ആനന്ദബോസിനെ ഏകാംഗ കമ്മിഷനായി നിയോഗിച്ചത്. കോവിഡ് ലോക്ഡൗണിനെത്തുടര്‍ന്ന് ആയിരക്കണക്കിന് അതിഥിത്തൊഴിലാളികള്‍ക്ക് തൊഴില്‍നഷ്ടമായി നാട്ടിലേക്ക് മടങ്ങേണ്ടിവന്ന സാഹചര്യത്തില്‍ നിയോഗിച്ച കമ്മിഷന്റെ കരട് റിപ്പോര്‍ട്ട് തൊഴില്‍ മന്ത്രാലയത്തിന് കൈമാറി.കരാര്‍ തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് അധിഷ്ഠിത പെന്‍ഷന്‍ നടപ്പാക്കണമെന്നതടക്കമുള്ള ശുപാര്‍ശകളും കമ്മിഷന്‍ നല്‍കിയിട്ടുണ്ട്. പ്രീമിയത്തില്‍ മൂന്നിലൊന്ന് തൊഴിലാളിയും ബാക്കി തൊഴില്‍ ദാതാവും സര്‍ക്കാരും തുല്യമായി നല്‍കുന്ന രീതിയില്‍ പെന്‍ഷന്‍ നടപ്പാക്കാനാകുമെന്ന് ആനന്ദബോസ് പറഞ്ഞു. ഇ.എസ്.ഐ .പോലുള്ള ആരോഗ്യ പരിപാലന പദ്ധതികള്‍ അസംഘടിത മേഖലയിലും നടപ്പാക്കണം.
 

Latest News