ലഖ്‌നൗ- രജപുത്ര സംഘടനകളും സംഘ്പരിവാറും വിവാദമാക്കിയ പത്മാവതി സിനിമയിലെ നായിക ദീപിക പദുക്കോണ്‍, സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി എന്നിവരുടെ തലയറുക്കുന്നുവര്‍ക്ക് അഞ്ച് കോടി രൂപ വാഗ്ദാനം ചെയ്ത ഉത്തര്‍പ്രദേശിലെ അഖില ഭാരതീയ ക്ഷത്രിയ യുവ മഹാസഭ നേതാവ് അഭിഷേക് സോം അറസ്റ്റില്‍. ഇയാളെ മീറത്തില്‍ വെച്ചാണ് യു.പി പോലീസ് കസ്റ്റഡിയിലെടുത്തത്.
ആരും മുന്നോട്ടു വന്നില്ലെങ്കില്‍ താന്‍ തന്നെ മുന്നിട്ടിറങ്ങി ഇവരുടെ തലയറുക്കമെന്നു ഭീഷണി മുഴക്കിയ ഇയാള്‍ക്കെതിരെ കര്‍ശന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് അഭിഷേക് സോം സിനിമക്കെതിരെ രംഗത്തുവന്നത്.
12,000 വനിതകള്‍ക്കൊപ്പം യാഗത്തില്‍ തന്റെ ജീവന്‍ കൂടി ബലി നല്‍കിയ ധീര വനിതയാണ് റാണി പത്മിനിയെന്നും ആ ധീരതയെ ചോദ്യം ചെയ്യുന്ന തരത്തിലാണ് ബന്‍സാലി അവരെ അവതരിപ്പിച്ചിരിക്കുന്നതെന്നും സോം ആരോപിച്ചു. ഇത് അനുവദിച്ച് കൊടുക്കാന്‍ കഴിയില്ല. ഒന്നുകില്‍ ഇരുവരും രാജ്യം വിടണം. അല്ലെങ്കില്‍ രണ്ടു പേരുടെയും തലയറുക്കപ്പെടും-അഭിഷേക് സോം പറഞ്ഞു.
സംസ്ഥാനത്ത് ഉയര്‍ന്ന പദവിയിലിരിക്കുന്ന താക്കൂര്‍ സമുദായക്കാര്‍ ഒരുപക്ഷെ പത്മാവതിക്കെതിരെ പ്രതിഷേധവുമായി വന്നെന്ന് വരില്ല. പക്ഷെ ഭൂരിഭാഗം വരുന്ന മറ്റ് സമുദായാംഗങ്ങള്‍ മാതാവ് റാണി പത്മാവതിയുടെ സല്‍പേര് സംരക്ഷിക്കാന്‍ പൊരുതുക തന്നെ ചെയ്യും.
അഞ്ച് കോടി രൂപ നല്‍കാനുള്ള ആസ്തി ക്ഷത്രിയ മഹാസഭയ്ക്കുണ്ട്. വേണ്ടിവന്നാല്‍ പണം പിരിക്കും. കാരണം മാതാവ് റാണി പത്മിനിയുടെ സല്‍പേരും ആദരവുമാണ് ഏറ്റവും ശ്രേഷ്ഠമായത്-അഭിഷേക് സോം പറഞ്ഞു ഇനി ആരും ഇതിന് തയ്യാറായി മുന്നോട്ട് വന്നില്ലെങ്കില്‍ താന്‍ തന്നെ ഇരുവരുടെയും തലയറുക്കുമെന്നും അഭിഷേക് സോം ഭീഷണി മുഴക്കി.
പത്മാവതി പ്രദര്‍ശിപ്പിക്കാനൊരുങ്ങുന്ന തിയേറ്ററുകള്‍ തകര്‍ത്തും താരങ്ങള്‍ക്ക് നേരെ വധഭീഷണി മുഴക്കിയും പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ടും പ്രതിഷേധങ്ങള്‍ തുടരുകയാണ്. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ദീപികയ്ക്കും രണ്‍വീറിനും പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. പത്മാവതി വേണ്ട മാറ്റങ്ങളൊന്നും വരുത്താതെ റിലീസ് ചെയ്യുന്നത് രാജ്യത്തെ ക്രമസമാധാനം തകര്‍ക്കുമെന്ന് കാണിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി അരവിന്ദ് കുമാര്‍ കേന്ദ്ര വാര്‍ത്ത വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രാലയത്തിന് കത്തെഴുതിയിരുന്നു.