Sorry, you need to enable JavaScript to visit this website.

പടിക്കൽ കലമുടക്കരുത്

ഡോ. റഹാന 

ശാസ്ത്ര ലോകവും മനുഷ്യരും ലോകമാകെ  കോവിഡിനെതിരെ യുദ്ധം ചെയ്തുകൊണ്ടിരിക്കുകയാണ്. അൽപം തളർന്നിട്ടുണ്ടെങ്കിലും പൂർണമായും കീഴടങ്ങാതെ വൈറസ് നമുക്കിടയിൽ ജീവനോടെയുണ്ട്. അക്കാര്യം ഗൗരവപൂർവം ഓർക്കേണ്ടതാണ്. വൈറസിനെ ഓടിക്കാനുള്ള അവസാന ഘട്ടത്തിലാണ് രാജ്യമുള്ളത്. പകലന്തിയോളം  വെള്ളം കോരി പടിക്കൽ കലമുടയ്ക്കുന്ന അവസ്ഥയുണ്ടാകരുത്. അയവ് വരാത്ത പ്രതിരോധം തുടർന്നേ മതിയാകൂ. പലരും തുടക്കിത്തിലേത് പോലെ അത്ര സൂക്ഷ്മത പുലർത്തുന്നതായി കാണുന്നില്ല. 


ലോകാരോഗ്യ സംഘടനയുടെ കൂടി നിർദേശം കണക്കിലെടുത്ത് രാജ്യത്തെ ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ വിദഗ്ധരുടെ പാനലുകളാണ് പ്രതിരോധ മാർഗങ്ങൾ നിർദേശിക്കുന്നത്. അത് നിസ്സാരമായി എടുക്കരുത്. ഒരു പരിധി വരെ നിയന്ത്രണത്തിലായ വൈറസ് വീണ്ടും പരക്കാൻ നമ്മുടെ അശ്രദ്ധ കാരണമായിക്കൂടാ. അൻപത് പേർക്ക് മാനദണ്ഡങ്ങൾ പാലിച്ചു ഒത്തുകൂടാൻ നിയമം അനുവദിക്കുന്നുണ്ട്. എന്നാൽ അടിയന്തര സാഹചര്യങ്ങൾക്കല്ലാതെ ഈ ഇളവ് ഉപയോഗപ്പെടുത്തരുത്. ഒന്നിൽ കൂടുതൽ ആളുകൾ കൂടുമ്പോൾ തന്നെ രോഗവ്യാപന സാധ്യതയുണ്ട് എന്ന യാഥാർഥ്യം ഉൾക്കൊള്ളുക. മാസ്‌ക് ധരിക്കാതെ പൊതു നിരത്തിലിറങ്ങിയതിന് നൂറുകണക്കിന് ആളുകൾക്ക്  സുരക്ഷാ വകുപ്പ്  പിഴയിട്ടതായി വാർത്തയിലൂടെ അറിഞ്ഞു. പണമടച്ചാൽ നിയമ നടപടിയിൽ നിന്ന് ഒഴിവാക്കാനായേക്കും. പക്ഷേ നാം ചെയ്യുന്ന സാമൂഹ്യ വിരുദ്ധ പ്രവർത്തനത്തിനത്  പ്രതിവിധിയാകില്ല. കുട്ടികൾ ഉൾപ്പെടെ യാത്ര ചെയ്‌തെത്തുന്നവർ പൊതു ഇടങ്ങളിലേക്ക് ഇറങ്ങും മുമ്പ് പരിശോധന നടത്തി വൈറസ് ബാധയില്ലെന്ന് ഉറപ്പ് വരുത്തണം. 


വൃത്തിഹീനമായ സ്ഥലങ്ങളിൽ നിന്ന് ഭക്ഷണം കഴിക്കാതിരിക്കാൻ പ്രതേകം ശ്രദ്ധിക്കണം. യാത്ര ചെയ്യുന്നവർ ആരോഗ്യ സുരക്ഷക്കാവശ്യമായ വസ്തുക്കളെല്ലാം കരുതണം. പൊതു ശൗചാലയങ്ങൾ ഉപയോഗിക്കേണ്ട അവസ്ഥ വരികയാണെങ്കിൽ അണുനശീകരണ ലിക്കിഡുകളും സോപ്പും ഉപയോഗിച്ച് വൃത്തിയാക്കിയതിന് ശേഷമേ ഉപയോഗിക്കാവൂ. കുടുംബവുമായി താമസിക്കുന്നവരും കമ്പനി പാർപ്പിടങ്ങളിൽ  കൂടിച്ചേർന്ന് താമസിക്കുന്ന ബാച്ചിലേഴ്‌സും എന്തെങ്കിലും രോഗലക്ഷണങ്ങൾ ശ്രദ്ധയിൽ പെട്ടാൽ രോഗപ്പകർച്ച വരാതിരിക്കാൻ മറ്റുള്ളവരോട്  ജാഗ്രതയോടെ ഇടപെടുക. 
രോഗ നിർണയത്തിലും ചികിത്സാ സമയത്തും ഈ ദേശത്തെ പൗരന്മാരെ പോലെ നമ്മെ പരിഗണിക്കുകയും പരിചരിക്കുകയും ചെയ്ത ഭരണാധികാരികളോടും ഈ ജനതയോടും നാം കടപ്പെട്ടവരാകണം. നന്ദി പ്രകടിപ്പിക്കാൻ നമുക്ക് മുന്നിലുള്ള ഒരേ ഒരു  മാർഗം പ്രതിരോധ പ്രവർത്തനങ്ങളിൽ സ്വയം നിയന്ത്രിച്ചു പങ്കാളികളായി വൈറസ് വ്യാപനം തടയുകയാണ്.

 (സഫ മക്ക പോളിക്ലിനിക്, ഫാമിലി ക്ലിനിക് ഹെഡ് ആണ് ലേഖിക) 
 

Latest News