പൂനെ- മഹാരാഷ്ട്രയിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഒരു ചിത്രം വൈറലായിരുന്നു. തെരഞ്ഞെടുപ്പില്‍ വിജയിച്ച ഭര്‍ത്താവിനെ തോളിലേറ്റി നടക്കുന്ന ഭാര്യയുടെ ചിത്രമായിരുന്നു അത്. ആ ഫോട്ടോ രാജ്യമാകെ ശ്രദ്ധിച്ചു. ഭര്‍ത്താവിനെ തോളിലേറ്റി വിജയം ആഘോഷിച്ചതോടെ അവരുടെ കരുത്ത് മാത്രമല്ല വെളിവായത്, ഗ്രാമീണ മേഖലകളില്‍ സംഭവിക്കുന്ന സ്ത്രീ മുന്നേറ്റം കൂടിയാണ്.പൂനെയിലെ പാലു ഗ്രാമത്തിലെ രേണുക സന്തോഷ് ഗൗരവാണ് ആ അഭിമാന വനിത. ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ തപാല്‍ വകുപ്പ് തന്നെ അംഗീകാരവുമായി എത്തിയിരിക്കുകയാണ്. രേണുകയെ ആദരിക്കാന്‍ തപാല്‍ സ്റ്റാമ്പ് ഇറക്കിയിരിക്കുകയാണ് പോസ്റ്റല്‍ വകുപ്പ്.
പൂനെയിലെ ഖേദ് താലൂക്കിലെ പട്ടികവര്‍ഗ ഗ്രാമമായ പാലുവിലാണ് ഈ വാശിയേറിയ പോരാട്ടം നടന്നത്. ജഖ്മാത ദേവി ഗ്രാം വികാസ് സമിതി ആകെ ഏഴ് സീറ്റില്‍ ആറിലും ജയിച്ചു. മഹാസഖ്യത്തിന്റെ ജഖ്മാത ഗ്രാം വികാസ് പരിവര്‍ത്തന്‍ സമിതിയെയാണ് പരാജയപ്പെടുത്തിയത്. സ്ത്രീ വോട്ടര്‍മാരായിരുന്നു ഇവിടെ നിര്‍ണായകമായത്.വാശിയേറിയ പോരാട്ടമായിരുന്നു സന്തോഷ് ഗൗരവും അദ്ദേഹത്തിന്റെ എതിരാളിയും തമ്മില്‍ നടന്നത്. ഒടുവില്‍ തെരെഞ്ഞുപ്പ് ഫലം വന്നപ്പോള്‍ 221 വോട്ടിന് സന്തോഷ് ഗൗരവ് ജയിച്ചു. കടുത്ത പോരാട്ടത്തിന് ശേഷം വിജശ്രീ ലാളിതനായി തിരിച്ചു വന്ന തന്റെ ഭര്‍ത്താവിനെ ഭാര്യ സ്വീകരിച്ചതാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. തന്റെ ഭര്‍ത്താവിനെ തോളിലേറ്റി ഗ്രാമം മുഴുവന്‍ നടന്നായിരുന്നു ഭാര്യ രേണുക വിജയം ആഘോഷിച്ചത്.
വിജയാഘോഷങ്ങള്‍ക്ക് അഞ്ചില്‍ കൂടുതല്‍ പേര്‍ പാടില്ല. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുള്ള വിജയാഘോഷങ്ങള്‍ നടത്താന്‍ പാടുള്ളു. ഇത്തരത്തില്‍ നിരവധി നിര്‍ദ്ദേശങ്ങള്‍ ആണ് ജില്ലാ ഭരണകൂടം മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍ തന്റെ ഭര്‍ത്താവിന്റെ വിജയം ആഘോഷിക്കാന്‍ രോണുകയ്ക്ക് അതൊന്നും തടസ്സം ആയില്ല. പാര്‍ട്ടി പ്രവര്‍ത്തകരെയോ സുഹൃത്തുക്കളെയോ രേണുക കാത്തുനിന്നില്ല. ഭര്‍ത്താവിനെ ചുമലിലേറ്റി ഗ്രാമം മുഴുവന്‍ നടന്ന് ആഘോഷിച്ചു. ഭര്‍ത്താവിനെ ചുമലിലേറ്റി പോകുന്ന രേണുകയും, ഭാര്യയുടെ ചുമലില്‍ ഇരുന്ന് ചിരിക്കുന്ന സന്തോഷ് ഗൗരവിന്റെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ആയിരക്കണക്കിന് പേരാണ് പങ്കുവെച്ചത്