Sorry, you need to enable JavaScript to visit this website.

വിട്ടുവീഴ്ചയ്ക്ക് തയ്യാറായി സിനിമയില്‍ തുടരില്ല- അനുശ്രീ 

രാമനാട്ടുകര-സിനിമയില്‍ നടിമാര്‍ റോളിന് വേണ്ടി വിട്ടുവീഴ്ച ചെയ്യേണ്ടവരാണെന്നൊക്കെ ചിലര്‍ പറയുന്നത് പണ്ടൊക്കെ താന്‍ കേട്ടിട്ടുണ്ടെന്നും ഏതെങ്കിലും കാലത്ത് അത് അങ്ങനെ ആയിരുന്നോ എന്നൊന്നും തനിക്ക് അറിയില്ലെന്നും നടി അനുശ്രീ. ജീവിക്കാനുള്ള വഴിയേക്കാളുപരി പാഷനായാണ് ഇന്ന് പലരും സിനിമയെ കാണുന്നത്. ഈ പറയുന്ന വിട്ടുവീഴ്ചകള്‍ സിനിമയില്‍ മാത്രമാണെന്നുള്ള മുന്‍ധാരണ എങ്ങനെയുണ്ടായി എന്ന് അറിയില്ല. മറ്റ് തൊഴില്‍ ചെയ്യുന്നവര്‍ക്കൊന്നും ഇത്തരം വികാര വിചാരങ്ങള്‍ ഒന്നും ഇല്ലേയെന്നും ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ അനുശ്രീ ചോദിക്കുന്നു.
'ഈ വ്യത്യാസം എങ്ങനെ വന്നു എന്ന് കുറേ ചിന്തിച്ചിട്ടുണ്ട്. പക്ഷേ മനസിലാവുന്നില്ല. അവരുദ്ദേശിക്കുന്ന ആ വഴിയില്‍ എത്താനുള്ള എളുപ്പവഴിയല്ല സിനിമ. സിനിമയ്ക്ക് വേണ്ടി നമ്മുടെ സമയത്തിന്റേയും ആരോഗ്യത്തിന്റേയും കാര്യത്തില്‍ തീര്‍ച്ചയായും വിട്ടുവീഴ്ച വേണ്ടിവരും. അതിനപ്പുറമുള്ള വിട്ടുവീഴ്ചകള്‍ ഇന്നേവരെ എന്നോടാരും ആവശ്യപ്പെട്ടിട്ടില്ല.
തീയുണ്ടാകാതെ പുകയുണ്ടാവില്ല എന്ന് പറയാറില്ലേ അതുകൊണ്ട് അങ്ങനെയുള്ള അനുഭവങ്ങള്‍ ഉണ്ടാകാനുള്ള സാഹചര്യത്തില്‍ ചെന്നുപെടാതിരിക്കുക. നോ പറയേണ്ടിടത്ത് നോ എന്ന് തന്നെ പറയുക. അംഗീകരിക്കാനാകാത്ത വിട്ടുവീഴ്ചയ്ക്ക് തയ്യാറായി സിനിമയില്‍ എന്നല്ല ഒരു തൊഴിലിലും തുടരേണ്ടതില്ല,' അനുശ്രീ പറയുന്നു.
സിനിമ മോശം ആണെന്നുള്ള പുറമെയുള്ളവരുടെ ധാരണ ശരിയല്ല. നമുക്കൊരു വര്‍ക്ക് ഓഫര്‍ വരുമ്പോള്‍ അത് എങ്ങനെയുള്ള ടീമാണ്, ആരുടെ പ്രൊജക്ടാണ് എന്നൊക്കെ അറിഞ്ഞിട്ട് മാത്രം ഇതിലേക്കിറങ്ങുക. സിനിമയിലേക്ക് വരുന്ന സമയത്ത് 'അയ്യോ സിനിമയാണ് പോകല്ലേ' എന്നൊക്കെ പറഞ്ഞിട്ടുണ്ട് പലരും. നീ സിനിമയില്‍ വന്നത് നന്നായി എന്ന് അവരെക്കൊണ്ടു തന്നെ തിരുത്തിപ്പറയിക്കാനായി, അതാണെന്റെ സന്തോഷം.
ലാല്‍ജോസ് സാറിന്റെ സിനിമയിലൂടെ നായികയായി വന്ന ആള്‍ എന്ന നിലയില്‍ എന്തും ചോദിച്ച് മനസിലാക്കാന്‍ എനിക്കൊരു ഗോഡ്ഫാദര്‍ ഉണ്ടായിരുന്നു. സാറിന്റെ തണലില്‍ നിന്നതുകൊണ്ടാകാം തുടക്കത്തില്‍ പോലും ഒരു നെഗറ്റീവ് അനുഭവം ഉണ്ടായിട്ടില്ല, അനുശ്രീ പറയുന്നു.
പ്രേമം നല്ലൊരു വികാരം തന്നെയാണെന്നും എന്നാല്‍ സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കില്‍ ഭയങ്കര അപകടമാണെന്നും അനുശ്രീ പറഞ്ഞു. പ്രേമമായാലും എന്ത് ബന്ധമായാലും നമ്മളെ ഭരിക്കാനുള്ള അവകാശം മറ്റാര്‍ക്കും നല്‍കേണ്ടതില്ല എന്ന അഭിപ്രായമുള്ള ആളാണ് താനെന്നും അനുശ്രീ പറയുന്നു.
എവിടെ പോകുന്നു? എന്തിന് പോകുന്നു? എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ പോലും പലപ്പോഴും ബോറാണ്. പരിധി കടന്നുള്ള ചോദ്യങ്ങള്‍ ആരുടെ ഭാഗത്തുനിന്നായാലും ബുദ്ധിമുട്ടുണ്ടാക്കും. മറ്റൊരാളെ പറഞ്ഞു ബോധ്യപ്പെടുത്തി അവരുടെ സ്‌നേഹം നിലനിര്‍ത്തേണ്ട കാര്യമില്ലല്ലോ. ഒരു പരിധിയില്‍ കൂടുതല്‍ വരിഞ്ഞുമുറുക്കാന്‍ വന്നാല്‍ അതിന് നിന്നുകൊടുക്കുന്ന ആളല്ല ഞാന്‍. പരസ്പര ധാരണയുടെ പുറത്തേ പ്രേമം നിലനില്‍ക്കൂ, അനുശ്രീ പറയുന്നു. ബ്രേക്കപ്പിന്റെ വേദനകളൊക്കെ താന്‍ അറിഞ്ഞിട്ടുണ്ടെന്നും അതില്‍ നിന്നും പുറത്തുകടക്കാന്‍ ഒരു വര്‍ഷമൊക്കെ എടുത്തിട്ടുണ്ടെന്നും താരം അഭിമുഖത്തില്‍ പറഞ്ഞു.  

Latest News