മുംബൈ- പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ വിവാഹിതനായ യുവാവിന് ജാമ്യം അനുവദിച്ച് മുംബൈയിലെ പോക്സോ കോടതി. പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് 25കാരന് കോടതി ജാമ്യം അനുവദിച്ചത്. പെണ്‍കുട്ടിയുടെ സമ്മതത്തോടെയാണ് യുവാവ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്ന് കോടതി കണ്ടെത്തി. രണ്ട് വര്‍ഷം കഴിഞ്ഞ് പ്രായപൂര്‍ത്തിയായാല്‍ പെണ്‍കുട്ടിയെ വിവാഹം ചെയ്യാമെന്ന് യുവാവ് സമ്മതിച്ചതും കോടതി കണക്കിലെടുത്തു.
പരാതി നല്കിയ പെണ്‍കുട്ടിയുടെ അമ്മയും പ്രതി കുട്ടിയെ വിവാഹം ചെയ്യുന്നതിനെ പിന്തുണച്ച് സത്യാവങ്മൂലം നല്കി. കുഞ്ഞിനു ജന്മം നല്കിക്കഴിഞ്ഞ മകളുടെ വിവാഹം ആഗ്രഹിക്കുന്നുവെന്നാണ് പെണ്‍കുട്ടിയുടെ അമ്മ കോടതിയെ അറിയിച്ചു.
രണ്ടാം തവണ പ്രതി നല്കിയ ജാമ്യാപേക്ഷയാണ് കോടതി അംഗീകരിച്ചത്. വിവാഹം ചെയ്യാന്‍ തയാറാണെന്ന് സമ്മതിച്ച് ആദ്യം നല്കിയ ഹരജി കോടതി തള്ളിയിരുന്നു.
എന്നാല്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത പോലീസ് രണ്ടാം വിവാഹത്തിന് ഇയാളുടെ ആദ്യ ഭാര്യ സമ്മതിക്കുമെന്നതിനു തെളിവില്ലെന്ന് കോടതിയില്‍ വാദിച്ചു. വരുംവരായ്കകള്‍ അറിയാത്ത കുട്ടിയെ യുവാവ് കുടുക്കുകയായിരുന്നുവെന്നും ഇപ്പോള്‍ കല്യാണം കഴിക്കാമെന്ന വാഗ്ദാനം നല്കി കേസില്‍ നിന്ന് രക്ഷപ്പെടനാണ് ശ്രമമെന്നും പോലീസ് ബോധിപ്പിച്ചു. പ്രതിയുടെ സമുദായം ഒന്നിലേറെ വിവാഹത്തിന് അനുവദിക്കുന്നുണ്ടെന്ന് അഭിഭാഷകന് കോടതിയെ അറിയിച്ചു.
പെണ്‍കുട്ടിയുടെ പിതാവിന്റെ പരിചയക്കാരനായിരുന്നു പ്രതി. ഗര്‍ഭം ധരിച്ച വിവരം പെണ്‍കുട്ടി മറച്ചുവെക്കുകയും ചെയ്തു.