ന്യൂദല്‍ഹി- ഉയര്‍ന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളെല്ലാം ലഭിക്കുന്ന പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് തുച്ഛമായ രണ്ടും മൂന്നും രൂപയ്ക്ക് ഭക്ഷണം വിളമ്പുന്ന പാര്‍ലമെന്റ് കാന്റീനിലെ ഇടപാട് നിര്‍ത്തണമെന്നത് ദീര്‍ഘകാലമായുള്ള മുറവിളിയാണ്. പലപ്പോഴായി ചില നീക്കങ്ങളും ഉത്തരവുകളുമെല്ലാം ഇറങ്ങിയെങ്കിലും അതെല്ലാം കാറ്റായി പോകുകയാണുണ്ടായത്. നാളെ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ആരംഭിക്കുന്നതിനു മുന്നോടിയായി കാന്റീനിലെ പുതിയ വിലവിവര പട്ടിക പുറത്തു വന്നതോടെ ഈ സബ്സിഡി ഇനി ഉണ്ടാകില്ലെന്ന് വ്യക്തമായി. കാന്റീനില്‍ വിളമ്പുന്ന 58 വിഭവങ്ങളുടെ പുതുക്കിയ വിലയാണ് ഇന്നലെ പ്രസിദ്ധീകരിച്ചത്. ഇവയിലേറെയും വിപണി വിലയ്ക്ക് തുല്യമാണ്. 65 രൂപയ്ക്ക് ലഭിച്ചിരുന്ന ഹൈദരാബാദി മട്ടന്‍ ബിരിയാണിക്ക് ഇനി എംപിമാര്‍ 150 രൂപ നല്‍കണം. വെജിറ്റേറിയന്‍ ഊണിന് 100 രൂപയാക്കി. നോണ്‍ വെജിറ്റേറിയന്‍ ഊണ് ബുഫെയ്ക്ക് 700 രൂപയാണിപ്പോള്‍.
പാര്‍ലമെന്റ് കാന്റീനിലെ ഭക്ഷണങ്ങള്‍ക്കുള്ള വിലക്കുറവ് ഇനി ഉണ്ടാകില്ലെന്ന് കഴിഞ്ഞയാഴ്ച ലോക്സഭാ സ്പീക്കര്‍ ഓം പ്രകാശ് ബിര്‍ല പറഞ്ഞിരുന്നു. ഇതുവഴി ലോക്സഭാ സെക്രട്ടറിയേറ്റിന് പ്രതിവര്‍ഷം എട്ടു കോടി രൂപയിലേറെ ലാഭിക്കാമെന്നാണ് റിപോര്‍ട്ടുകള്‍. ഇന്ത്യാ ടൂറിസം ഡെവലപ്മെന്റ് കോര്പറേഷന് ആണ് കാന്റീന് നടത്തുന്നത്. പാര്‍ലമെന്റ് കാന്റീനിലെ ഭക്ഷണ സബ്സിഡിക്കായി 13 കോടി രൂപയാണ് ചെലവെന്ന് 2019ലെ കണക്കുകള്‍ പറയുന്നു.
പുതുക്കിയ വിലവിവര പട്ടിക