Sorry, you need to enable JavaScript to visit this website.

വെള്ളം സിനിമയിലെ നായകനും കഥാപാത്രവും കണ്ടുമുട്ടി; അവിശ്വസനീയമായ ജീവിത കഥ

നായകനും കഥാപാത്രവും: വെള്ളം എന്ന ചിത്രത്തിലെ നായകന്‍ ജയസൂര്യയും യഥാര്‍ഥ കഥാപാത്രമായ മുരളിയും.

കണ്ണൂര്‍ -മദ്യാസക്തിയെന്ന രോഗം തീര്‍ത്ത പ്രശ്‌നങ്ങള്‍ക്കിടയില്‍ പെട്ടുഴലുന്ന മുരളിയെന്ന യുവാവിനെ യുവതാരം ജയസൂര്യ വെള്ളിത്തിരയില്‍ അനശ്വരമാക്കിയപ്പോള്‍, വെള്ളം എന്ന സിനിമയിലെ യഥാര്‍ഥ നായകന്‍ തളിപ്പറമ്പിലെ തൃച്ചംബരത്തുണ്ട്.


പ്രജേഷ് സെന്‍ സംവിധാനം ചെയ്ത വെള്ളം എന്ന ചിത്രം കോവിഡ് പ്രതിസന്ധിക്ക് ശേഷം തിയേറ്ററുകളിലെത്തി വന്‍ വിജയം നേടി വരികയാണ്. ഈ സിനിമക്കാധാരമായ മുരളിയുടെ യഥാര്‍ഥ ജീവിതമാകട്ടെ സിനിമകഥയെക്കാളും അവിശ്വസനീയവും.

https://www.malayalamnewsdaily.com/sites/default/files/2021/01/26/vellam2.jpeg
മദ്യം ജീവിതം തകര്‍ക്കുകയും പിന്നീട് അതില്‍ നിന്ന് മുക്തി നേടുകയും ചെയ്ത മുരളി നമ്പ്യാര്‍ എന്ന സാധാരണക്കാരന്റെ കഥയാണ് വെള്ളം എന്ന സിനിമയിലൂടെ ഒട്ടും അതിഭാവുകത്വമില്ലാതെ പ്രജേഷ്ന്‍ സെന്‍ പറയുന്നത്.

എന്നാല്‍ യഥാര്‍ഥ മുരളിയുടെ ജീവിതം സിനിമയില്‍ കാണുന്നതിനേക്കാളും സംഭവബഹുലമാണ്. തൃച്ചംബരം സ്വദേശിയായ മുരളി, 2003 മുതലാണ് മദ്യത്തിനടിമയാവുന്നത്. പിന്നീട് ആറു വര്‍ഷം ഈ യുവാവിന്റെ ജീവിതം നരകതുല്യമായിരുന്നു. മദ്യത്തിന് വേണ്ടി മാത്രമായി ജീവിതം. റോഡരികിലും കടത്തിണ്ണകളിലും അബോധാവസ്ഥയില്‍ ഉറക്കം. സ്വന്തക്കാരില്‍ നിന്നും ബന്ധുക്കളില്‍ നിന്നും അകന്ന് നാട്ടുകാര്‍ക്ക് പരിഹാസപാത്രമായി ജീവിതം.ഒരു തവണ കോഴിക്കോട്ട് ലഹരി വിമുക്ത ചികിത്സക്ക് വിധേയനായി. പിന്നീട് തിരിച്ചെത്തി വീണ്ടും മദ്യപാനം തുടങ്ങിയതോടെ ബന്ധുക്കള്‍ പോലും കൈയ്യൊഴിഞ്ഞു. നാലു ദിവസത്തെ തുടര്‍ച്ചയായ മദ്യപാനം മൂലം ബോധം നഷ്ടപ്പെട്ട് കോഴിക്കോട്ടെ തെരുവില്‍ കിടന്ന മുരളിയെ തളിപ്പറമ്പിലെ ടൂറിസ്റ്റ് ബസ് ഡ്രൈവറും പരിചയക്കാരനുമായ ഗിരീശന്‍ എന്നയാളാണ് ഭക്ഷണം വാങ്ങി നല്‍കി തിരികെ നാട്ടിലെത്തിച്ചത്. പിന്നീട് അമ്മയുടെ കണ്ണീരില്‍ കുതിര്‍ന്ന അപേക്ഷയാണ് മുരളിയെ യഥാര്‍ഥ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. വീണ്ടും കോഴിക്കോട് ലഹരി വിമുക്ത ചികിത്സ തേടി. എല്ലാം മറന്ന് ഭാര്യ ഒപ്പം എത്തി കൂട്ടിനിരുന്നു. പിന്നീട് ഒരിക്കലും മുരളി മദ്യം തൊട്ടിട്ടില്ല. വിദേശ രാജ്യങ്ങളിലെ ബിസിനസ് യാത്രകള്‍ക്കിടയില്‍ വില കൂടിയ മദ്യങ്ങള്‍ തീന്‍മേശമേല്‍ നിരന്നിട്ടും ഒരിക്കല്‍ പോലും ഇത് രുചിച്ചില്ല.

https://www.malayalamnewsdaily.com/sites/default/files/2021/01/26/vellammurali.jpeg

വെള്ളം സിനിമ കാണുന്ന മുരളി (മധ്യത്തില്‍)


മദ്യ വിമുക്തി നേടിയ മുരളി കോഴിക്കോട്ടെ ഒരു ടൈല്‍സ് സ്ഥാപനത്തില്‍ ജോലിക്കാരനായി. പിന്നീട് ഗുജറാത്തില്‍ നിന്നും മറ്റും ടൈല്‍സുകള്‍ സ്വന്തമായി വരുത്തി ബിസിനസ് തുടങ്ങി. ഇന്ന് 29 രാജ്യങ്ങളിലേക്ക് ടൈല്‍സ് കയറ്റി അയക്കുന്ന സ്ഥാപനത്തിന്റെ ഉടമയാണ് മുരളി. ഇതിനകം 59 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു.

https://www.malayalamnewsdaily.com/sites/default/files/2021/01/26/vellam1.jpeg
മുരളിയുടെ ജീവിത കഥ സിനിമയായതും തികച്ചും യാദൃശ്ചികമാണ്. യുവതിരക്കഥാകൃത്തായ വിജേഷ് വിശ്വം ഒരു തിരക്കഥയുമായി മുരളിയെ സമീപിക്കുന്നു. സിനിമാ നിര്‍മ്മാണമായിരുന്നു ലക്ഷ്യം. തന്റെ ജീവിതകഥയില്‍ തന്നെ ഒരു സിനിമയുണ്ടെന്ന് മുരളി മറുപടി നല്‍കുന്നു. ഇതില്‍ നിന്നുണ്ടാക്കിയ ത്രഡുമായാണ് വിജേഷ് വിശ്വം, സംവിധായകന്‍ പ്രജേഷ് സെന്നിനെ കാണുന്നത്. കഥ കേട്ട പ്രജഷിന് താല്‍പര്യമാകുകയും ഇത് വികസിപ്പിച്ച് തിരക്കഥയാക്കുകയും ചെയ്തു. ഈ തിരക്കഥയുമായി ജയസൂര്യയെ സമീപിച്ച ഉടന്‍ ജയസൂര്യ കൈ കൊടുത്തു. അങ്ങിനെയാണ് ഫുട്‌ബോള്‍ താരം സത്യന്റെ കഥ പറഞ്ഞ, ശ്രദ്ധ നേടിയ ക്യാപ്റ്റനു ശേഷം, ഇരുവരും വെള്ളത്തിലൂടെ വീണ്ടും ഒന്നിക്കുന്നത്. വെള്ളത്തിന്റെ ചിത്രീകരണം നടന്നതും തളിപ്പറമ്പിലായിരുന്നു.

https://www.malayalamnewsdaily.com/sites/default/files/2021/01/26/vellam3.jpeg


വാർത്തകൾ തത്സമയം ലഭിക്കാൻ ജോയിൻ ചെയ്യാം

Facebook► fb.com/Malnews
Telegram► t.me/malayalamnewsdaily
Instagram► instagram.com/malayalam_news
Twitter► twitter.com/Malnewsonline

MobileApp
Android►https://bit.ly/3bLWjqv
Iphone► https://apple.co/2WJ55kY

Latest News