പിറവം- നിയമസഭാ തെരഞ്ഞെടുപ്പില്‍ പിറവത്ത് ട്വന്റി 20 സ്ഥാനാര്‍ഥിയായി ശ്രിനിവാസന്‍ മത്സരിക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതെല്ലം വെറും അഭ്യൂഹങ്ങള്‍ മാത്രമാണെന്നും ഇക്കാര്യമുന്നയിച്ച് ആരും തന്നെ സമീപിച്ചിട്ടില്ലെന്നും ശ്രീനിവാസന്‍ വ്യക്തമാക്കി.നിലവിലുള്ള മുന്നണികളുടെ രാഷ്ട്രീയ കാഴ്ചപ്പാടുകളോട് വിയോജിപ്പുണ്ട്. എന്നാല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും വിരോധമില്ല. ട്വന്റി 20 നടത്തുന്ന പ്രവര്‍ത്തനം അഭിനന്ദനം അര്‍ഹിക്കുന്നതാണ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലെ ട്വന്റി 20യുടെ മുന്നേറ്റത്തെ കുറിച്ച് വിവിധയിടങ്ങളില്‍ പരാമര്‍ശിച്ചതാകും ഇത്തരത്തിലുളള അഭ്യൂഹങ്ങള്‍ക്ക് വഴിതെളിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ഇടത് വലത് മുന്നണികള്‍ ഭരണചക്രം തിരിക്കുന്ന കേരളത്തില്‍ അഴിമതിയുടെ കാര്യത്തില്‍ ഇരുകൂട്ടരും ഒന്നാണെന്നും ഇത്തരം കാര്യങ്ങള്‍ പറയുന്നതിനാല്‍ തന്നെ രാഷ്ടീയ വിരോധിയാക്കി മാറ്റുകയാണെന്നും ശ്രീനിവാസന്‍ പറയുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറ മണ്ഡലത്തില്‍ നിന്നും മത്സരിക്കാന്‍ ഒരു രാഷ്ട്രീയ നേതാവ് തന്നെ സമീപിച്ചിരുന്നു. താല്‍പര്യമില്ലെന്ന് താന്‍ അദ്ദേഹത്തോട് പറയുകയും ചെയ്തുവെന്ന് ശ്രീനിവാസന്‍ വ്യക്തമാക്കി.