Sorry, you need to enable JavaScript to visit this website.

കര്‍ണാടകയില്‍ നാലു ദിവസത്തിനിടെ മന്ത്രിസഭ അഴിച്ചുപണിതത് മൂന്ന് തവണ; പുലിവാലു പിടിച്ച് യെഡിയൂരപ്പ

ബെംഗളൂരു- കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാരിനെ അട്ടിമറിച്ച് ബിജെപിക്ക് അധികാരത്തിലെത്താന്‍ സൗകര്യമൊരുക്കിയ നേതാക്കള്‍ക്ക് പ്രത്യുപകാരമായി മന്ത്രി പദവികള്‍ വീതംവച്ച് കുഴഞ്ഞ അവസ്ഥയിലാണ് മുഖ്യമന്ത്രി ബി.എസ് യെഡിയൂരപ്പ. പുതുതായി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയവര്‍ക്കു വേണ്ടി വകുപ്പുകള്‍ വീതംവച്ചപ്പോള്‍ പലരുടേയും നെറ്റിചുളിഞ്ഞു. ചിലര്‍ പരസ്യമായി അതൃപ്തി അറിയിക്കുകയുംചെയ്തു. ഇതോടെ കഴിഞ്ഞ നാലു ദിവസത്തിനിടെ മൂന്ന് തവണയാണ് യെഡ്യൂരപ്പയ്ക്ക് മന്ത്രിമാരുടെ വകുപ്പുകള്‍ അങ്ങോട്ടുമിങ്ങോട്ടും മാറ്റിയും മറിച്ചും പുനര്‍വിതരണം നടത്തേണ്ടി വന്നത്. ഏറ്റവും ഒടുവില്‍ തിങ്കളാഴ്ച വരുത്തിയ മാറ്റത്തിനു മണിക്കൂറുകള്‍ക്കു ശേഷം മന്ത്രി ജെ സി മധുസ്വാമിക്ക് മൈനര്‍ ഇറിഗേഷന്‍ വകുപ്പ് നല്‍കേണ്ടി വന്നു. മുന്‍ നിയമ മന്ത്രിയാണ് സ്വാമി. ആരോഗ്യ മന്ത്രി ഡോ. കെ സുധാകറില്‍ നിന്ന് എടുത്തു മാറ്റിയ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പും തിരികെ നല്‍കി. കോവിഡ് വാക്‌സിനേഷന്‍ അടക്കമുള്ള ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടപ്പാക്കുന്നതിന് രണ്ടു വകുപ്പുകളും ഒന്നിച്ചു വേണമെന്ന് മന്ത്രി സുധാകര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് എടുത്തു മാറ്റിയ വകുപ്പ് തിരികെ നല്‍കിയത്. സുധാകര്‍ കടുത്ത അതൃപ്തിയും പരസ്യമായി പ്രകടിപ്പിച്ചിരുന്നു. 

നിയമം, ഹജ്, വഖഫ് വകുപ്പുകള്‍ വഹിച്ചിരുന്ന മന്ത്രി മധുസ്വാമിക്ക് തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷം ടൂറിസം, പരിസ്ഥിതി വകുപ്പുകള്‍ മാറ്റി നല്‍കി. ഹജ്, വഖഫ്, അടിസ്ഥാനസൗകര്യ വികസനം എന്നിവ ആനന്ദ് സിങിനു നല്‍കി. 

വ്യാഴാഴ്ചയാണ് പുതിയ അഞ്ചു മന്ത്രിമാര്‍ ഉള്‍പ്പെടെ ഏഴു മന്ത്രിമാര്‍ക്കിടയില്‍ വകുപ്പുകള്‍ ആദ്യമായി വീതം വച്ചത്. ലഭിച്ച വകുപ്പുകളില്‍ തൃപ്തിപ്പെടാത്ത കടുത്ത വിയോജിപ്പ് അറിയിച്ച് എംടിബി നാഗരാജ്, കെ ഗോപാലയ്യ, ജെ സി മധുസ്വാമി, നാരായണ ഗൗഡ എന്നിവര്‍ രംഗത്തു വന്നതോടെ 24 മണിക്കൂറിനുള്ളില്‍ തന്നെ ആദ്യ വകുപ്പു മാറ്റങ്ങള്‍ വേണ്ടി വന്നു. പലരുടേയും വകുപ്പുകള്‍ എടുത്തു മാറ്റിയതും ചിലര്‍ക്ക് ചെറിയ വകുപ്പുകള്‍ നല്‍കിയതുമാണ് യെഡ്യൂരപ്പയ്ക്ക് തലവേദനയായത്. പുതിയ മന്ത്രിമാരില്‍ ഭൂരിപക്ഷം പേരും ബിജെപിയിലേക്ക് കൂറുമാറി എത്തിയവരാണ്. ഇവരാണ് 2019ല്‍ യെഡിയൂരപ്പയെ വീണ്ടും അധികാരത്തില്‍ തിരിച്ചെത്താന്‍ സഹായിച്ചത്.
 

Latest News