ജറൂസലം- നിരവധി സ്‌കൂള്‍ വിദ്യാര്‍ഥികളെ പീഡിപ്പിച്ച കേസില്‍ ഇസ്രായില്‍ വനിതയെ ഒടുവില്‍ ഓസ്‌ട്രേലിയക്ക് കൈമാറി.
മെല്‍ബണിലെ ജൂത സ്‌കൂളില്‍ അധ്യാപകിയായിരുന്നപ്പോള്‍ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കേസില്‍ മല്‍ക ലെയ്ഫര്‍ എന്ന സ്ത്രീയെ കൈമാറാത്തത് ഇരു രാജ്യങ്ങള്‍ തമ്മില്‍ തര്‍ക്കത്തിനു കാരണമായിരുന്നു.
74 ആരോപണങ്ങളാണ് പ്രതി നേരിടുന്നത്. മല്‍കയെ കൈമാറിക്കിട്ടുന്നതിന് 2014 മുതല്‍ ഓസ്‌ട്രേലിയ ശ്രമിച്ചുവരികയായിരുന്നു. നിരപരാധിയാണെന്ന് ചൂണ്ടിക്കാട്ടി കോടതികളെ സമീപിച്ചതാണ് കൈമാറ്റം വൈകാന്‍ കാരണം.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അര്‍ധരാത്രി എയര്‍പോര്‍ട്ട് അടക്കുന്നതിന് തൊട്ടുമുമ്പാണ് തെല്‍അവീവില്‍നിന്ന് ഫ്രാങ്ക്ഫര്‍ട്ടിലേക്കുള്ള വിമാനത്തില്‍ കയറ്റിയത്.
ഓസ്‌ട്രേലിയക്ക് കൈമാറുന്നതിനെതിരെ സമര്‍പ്പിച്ച അപ്പീല്‍ ഡിസംബറില്‍ ഇസ്രായില്‍ സുപ്രീം കോടതി തള്ളിയിരുന്നു.
മെല്‍ബണിലെ സ്‌കൂളില്‍ പഠിച്ചിരുന്ന വിദ്യാര്‍ഥികളെ പീഡിപ്പിച്ചുവെന്ന ആരോപണം ഉയര്‍ന്നുതുടങ്ങിയപ്പോള്‍ 2008 ലാണ് മല്‍ക ലെയ്ഫര്‍ ഇസ്രായിലിലേക്ക് രക്ഷപ്പെട്ടിരുന്നത്.