കുരുമുളക് ഉൽപാദനം രാജ്യത്ത് ഇക്കുറി കുറയുമെന്ന് കാർഷിക മേഖലയിൽ നടത്തിയ പഠനങ്ങൾ വ്യക്തമാക്കുന്നു. പ്രതികൂല കാലാവസ്ഥയും കോവിഡ് വ്യാപനവും കർഷകരെ കൃഷിയിടങ്ങളിൽ നിന്ന് പിൻതിരിപ്പിച്ചതു മൂലം വേണ്ട സമയം വളപ്രയോഗത്തിന് പലർക്കുമായില്ല. മുൻവർഷത്തെ വരൾച്ചയും കാലം തെറ്റി വന്ന മഴയും കുരുമുളക് കൊടികളെ ബാധിച്ചു. കഴിഞ്ഞ വർഷം 65,000-70,000 ടൺ കുരുമുളക് ഉൽപാദിപ്പിച്ച സ്ഥാനത്ത് ഇക്കുറി വിളവ് 60,000 ടണ്ണിൽ ഒതുങ്ങും. ഈ സാഹചര്യത്തിൽ കർഷകരും സ്റ്റോക്കിസ്റ്റുകളും കരുതലോടെ നീക്കം നടത്തിയാൽ കറുത്ത പൊന്ന് തിളങ്ങും.
ഇതിനിടയിൽ കാലാവസ്ഥാ വ്യതിയാനം മൂലം സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വിളവെടുപ്പ് പതിവിലും വൈകുമെന്ന അവസ്ഥയാണ്. ഹൈറേഞ്ച് ചരക്ക് വരവ് വിൽപനയ്ക്ക് എത്താൻ മാർച്ച് വരെ കാത്തിരിക്കേണ്ടിവരും. മൂടലും അന്തരീക്ഷ താപനില കുറഞ്ഞതും തെക്കൻ കേരളത്തിൽ വിളവെടുപ്പിന് തടസ്സമായി. എന്നാൽ തെക്കൻ ജില്ലകളിൽ നിന്നും സത്ത് നിർമാണത്തിനുള്ള ലൈറ്റ് പെപ്പർ നവംബറിൽ വിളവെടുപ്പ് നടന്നു. കൊച്ചിയിൽ ഗാർബിൾഡ് കുരുമുളക് 34,500 രൂപയിലാണ്. രാജ്യാന്തര കുരുമുളക് വിപണിയിൽ ഇന്ത്യൻ ചരക്കിന് ഡിമാന്റില്ല. മറ്റ് ഉൽപാദക രാജ്യങ്ങളുടെ വിലയുടെ ഇരട്ടിയായി ഉയർന്നത് മലബാർ മുളകിന് തിരിച്ചടിയായി. വിയറ്റ്‌നാമിൽ നിന്നുള്ള പുതിയ ചരക്കിനായി കാത്തു നിൽക്കുകയാണ് ബയ്യർമാർ. നിലവിൽ 2600 ഡോളറാണ് വിയറ്റ്‌നാം മുളക് വിലയെങ്കിലും വിളവെടുപ്പ് തുടങ്ങുന്നതോടെ 1900-2200 ഡോളറിന് ക്വട്ടേഷൻ ഇറങ്ങുമെന്നാണ് യൂറോപ്യൻ ബയ്യർമാരുടെ നിഗമനം. ഇന്ത്യൻ കുരുമുളക് ടണ്ണിന് 5000 ഡോളറാണ്.
റബർ അവധി വ്യാപാരത്തിലെ ചാഞ്ചാട്ടം റെഡി വിലയെ ബാധിച്ചു. കോവിഡ് രണ്ടാംഘട്ട വ്യാപനം മൂലം ആഗോള വ്യാവസായിക മേഖല തളർച്ചയിൽ നിന്ന് പ്രതീക്ഷിക്കുന്ന വേഗത്തിൽ തിരിച്ചുവരില്ലെന്ന വിലയിരുത്തൽ ഊഹക്കച്ചവടക്കാരെ റബറിൽ വിൽപനക്കാരാക്കി. ഇതോടെ മുഖ്യ റബർ ഉൽപാദക രാജ്യങ്ങൾ സമ്മർദത്തിലായി. ബാങ്കോക്കിൽ റബർ വില 16,253 രൂപയിൽ നിന്ന് 15,755 ലേയ്ക്ക് ഇടിഞ്ഞത് ഏഷ്യൻ മാർക്കറ്റുകളെ തളർത്തി. സംസ്ഥാനത്ത് നാലാം ഗ്രേഡ് 15,200 രൂപയിലും അഞ്ചാം ഗ്രേഡ് 13,500-14,500 രൂപയിലുമാണ്. കാലാവസ്ഥ അനുകൂലമായതോടെ റബർ ടാപ്പിങിന് രംഗം സജീവമാണ്.
പച്ച ഇഞ്ചി ഉൽപാദനം ഉയർന്നത് ചുക്ക് വിലയെ സ്വാധീനിക്കാം. കർണാടകയിലെ പല ഭാഗങ്ങളിൽ നിന്നും പുതിയ ഇഞ്ചി ഉത്തരേന്ത്യയിലേയ്ക്ക് നീങ്ങുന്നുണ്ട്. തെളിഞ്ഞ കാലാവസ്ഥ ലഭ്യമായാൽ ചുക്ക് സംസ്‌കരണം സജീവമാക്കും. ഗൾഫ് രാജ്യങ്ങളിൽ നിന്ന് ചുക്കിന് ഓർഡറുകളുണ്ട്. വിവിധയിനം ചുക്ക് 28,500-30,000 രൂപയിലാണ്.
തമിഴ്‌നാട്ടിലെ വൻകിട മില്ലുകാർ സ്റ്റോക്കുള്ള വെളിച്ചെണ്ണ വിറ്റഴിക്കാനുള്ള ശ്രമത്തിലാണ്. കാങ്കയത്ത് എണ്ണ വില 18,175 രൂപയിൽ സ്റ്റെഡിയാണ്. എന്നാൽ കൊച്ചിയിൽ വെളിച്ചെണ്ണ 19,200 ൽ നിന്ന് പെടുന്നനെ 19,350 ലേയ്ക്ക് കയറിയെങ്കിലും ഉയർന്ന റേഞ്ചിൽ പിടിച്ചു നിൽക്കാൻ വിപണി ക്ലേശിച്ചതോടെ 19,300 രൂപയായി. സ്വർണ വില ഉയർന്നു. ആഭരണ വിപണികളിൽ പവൻ 36,400 രൂപയിൽ നിന്ന് 37,000 വരെ കയറിയ ശേഷം ശനിയാഴ്ച 36,760 രൂപയിലാണ്. ഗ്രാമിന് വില 4595 രൂപ. ന്യൂയോർക്കിൽ ട്രോയ് ഔൺസ് സ്വർണ വില 1854 ഡോളർ.
കുരുമുളക് ഉൽപാദനം കുറയും. കർഷകരും സ്റ്റോക്കിസ്റ്റുകളും കരുതലോടെ നീക്കം നടത്തിയാൽ കറുത്ത പൊന്ന് തിളങ്ങും. രാജ്യാന്തര റബർ അവധി വ്യാപാരത്തിലെ തളർച്ച ഷീറ്റ് വില ഉയരുന്നതിന് തടസ്സമായി. നാളികേരോൽപന്നങ്ങളുടെ വിലയിൽ ചാഞ്ചാട്ടം. സ്വർണ വില കയറി.