അയോധ്യയില്‍ നാളെ തറക്കല്ലിടുന്ന പള്ളിയുടെ പേരിനെ ചൊല്ലി വിവാദം

ലഖ്‌നൗ- സുപ്രീം കോടതി ഉത്തരവ് പ്രകാരം അയോധ്യയില്‍ നിര്‍മിക്കുന്ന പള്ളിക്ക് പുതിയ പേരിടാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പള്ളി നിര്‍മാണത്തിന് നേതൃത്വം നല്‍കുന്ന ഇന്‍ഡോ-ഇസ്ലാമിക് കള്‍ചറല്‍ ഫൗണ്ടേഷന്‍ (ഐ.ഐ.സി.എഫ്) അറിയിച്ചു.

ഒന്നാം സ്വാതന്ത്ര്യ സമരമായി അറിയപ്പെടുന്ന 1857 ലെ ശിപായി ലഹളയിലെ രക്തസാക്ഷി അഹ്മദുല്ലാ ഷാക്ക് പള്ളി സമര്‍പ്പിക്കാന്‍ പോകുന്നുവെന്ന പ്രചാരണത്തെ തുടര്‍ന്നാണ് വിശദീകരണം.

നാളെ റിപ്പബ്ലിക് ദിനത്തില്‍ ലളിതമായ ചടങ്ങില്‍ ശിലയിടുന്ന പള്ളി ധന്നിപ്പൂര്‍ മസ്ജിദ് എന്നുതന്നെ അറിയപ്പെടുമെന്ന് ഐ.ഐ.സി.എഫ് അറിയിച്ചു. അയോധ്യയിലെ ധന്നിപ്പൂരിലാണ് മസ്ജിദ് നിര്‍മിക്കുന്നത്.

ദേശീയ പതാക ഉയര്‍ത്തിയും മദ്രസാ വിദ്യാര്‍ഥികള്‍ ദേശീയഗനാലപനം നടത്തിയും അഞ്ച് ഏക്കര്‍ വരുന്ന സ്ഥലത്ത് ചെടികള്‍ നട്ടും നടക്കുന്ന ശിലാസ്ഥാപനത്തില്‍ ഒമ്പത് ഐ.ഐ.സി.എഫ് അംഗങ്ങളും സംബന്ധിക്കും.

സുപ്രീം കോടതി അഞ്ച് ഏക്കര്‍ ഭൂമി അനുവദിച്ചതിനുശേഷം  സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡാണ് പള്ളി നിര്‍മാണം ഐ.ഐ.സി.എഫിനെ ഏല്‍പിച്ചത്.

അയോധ്യ പള്ളി ധന്നിപ്പൂര്‍ മസ്ജിദ് എന്നു തന്നെ അറിയപ്പെടുമെന്ന് ഫൗണ്ടേഷന്‍ സെക്രട്ടറി അത്താര്‍ ഹുസൈന്‍ പറഞ്ഞു. അതേസമയം മസ്ജിദ് പദ്ധതിയുടെ ഒരു ഭാഗത്തിന് അയോധ്യയില്‍നിന്നുള്ള മഹാനായ സ്വാതന്ത്ര്യ സമര പോരാളി അഹ്മദുല്ലാ ഷായുടെ പേരിടുന്ന കാര്യം ഫൗണ്ടേഷന്‍ സജീവമായി പരിഗണിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യ സമര പോരാളി എന്നതിനോടൊപ്പം സമുദായ സൗഹാര്‍ദത്തിനായി നില കൊണ്ട മഹാന്‍ കൂടിയാണ് അഹ്മദുല്ലാ ഷായെന്ന് അത്താര്‍ ഹുസൈന്‍ കൂട്ടിച്ചേര്‍ത്തു.

 

Latest News