Sorry, you need to enable JavaScript to visit this website.

ഐ.എസ്.എല്ലിന് ഇന്ന് തുടക്കം

  • കൊൽക്കത്തയോട് പകരം വീട്ടാൻ ബ്ലാസ്റ്റേഴ്‌സ് ബൂട്ട് കെട്ടുന്നു

കൊച്ചി- കഴിഞ്ഞ സീസണിൽ നിർത്തിയിടത്തുനിന്ന് തുടങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്, കൊൽക്കത്തക്കെതിരെ അങ്കം കുറിച്ചുകൊണ്ട്. സ്വന്തം തട്ടകമായ കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ. 
കിരീടം എന്ന ഒരൊറ്റ ലക്ഷ്യം മാത്രം മുന്നിൽ വെച്ചുകൊണ്ടാണ് റെനെ മ്യൂലെൻസ്റ്റീന്റെ സംഘം നാലാം ഐ.എസ്.എലിന് ഇന്ന് ആദ്യമായി ബൂട്ടു കെട്ടുന്നത്. കഴിഞ്ഞ തവണ ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിലായിരുന്നു കൊൽക്കത്തയോട് ബ്ലാസ്റ്റേഴ്‌സിന്റെ തോൽവി. 2014ലെ അരങ്ങേറ്റ സീസണിലും ഫൈനലിൽ ഇതേ കൊൽക്കത്തയോട് തന്നെ അടിയറവു പറയേണ്ടിവന്നു. ഇതിന്റെയെല്ലാം കലിപ്പടക്കാനാണ് സന്ദേശ് ജിംഗനും കൂട്ടരും കച്ചമുറുക്കുന്നത്. എതിരാളികൾ അത്റ്റിക്കോ ഡി കൊൽക്കത്ത എന്ന പേര് മാറ്റി എ.ടി.കെ എന്നാക്കിയിട്ടുണ്ട് ഇത്തവണ. 
ഐ.എസ്.എല്ലിൽ ഏറ്റവുമധികം ആരാധക പിന്തുണയുള്ള ടീം, ഏറ്റവും കൂടുതൽ പേർ കളി കാണാനെത്തുന്ന സ്റ്റേഡിയം എന്നീ വിശേഷണങ്ങൾ കഴിഞ്ഞ മൂന്ന് സീസണിലും ബ്ലാസ്റ്റേഴ്‌സിനൊപ്പമായിരുന്നു. പക്ഷെ രണ്ടു തവണ ഫൈനലിലെത്തിയിട്ടും മഞ്ഞപ്പടക്ക് കപ്പ് കൈവിട്ടുപോയി. അടിമുടി മാറ്റങ്ങളുമായി കപ്പ് സ്വന്തമാക്കുമെന്ന വാശിയോടെ ഇത്തവണ ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങിക്കഴിഞ്ഞു. ലോകോത്തര ക്ലബ്ബായ മാഞ്ചസ്റ്റർ യുനൈറ്റഡിലെ അനുഭവപരിചയവുമായി കോച്ച് റെനെ മ്യൂലെൻസ്റ്റീന്റെ വരവ് ബ്ലാസ്റ്റേഴ്‌സിന് പുത്തനുണർവ് നൽകുന്നതാണ്. സാക്ഷാൽ സർ അലക്‌സ് ഫെർഗൂസനു കീഴിൽ പരിശീലന തന്ത്രങ്ങൾ പഠിച്ച റെനെ, യുനൈറ്റഡിന്റെ യൂത്ത്, റിസർവ് ടീമുകളെ മാനേജ് ചെയ്തിട്ടുണ്ട്. പ്രധാന ടീമിനൊപ്പവും പ്രവർത്തിച്ചു. ഡച്ചുകാരനായ റെനെയുടെ ആക്രമണ ശൈലി, ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ത്രസിപ്പിക്കും. യുനൈറ്റഡിന്റെ മുൻ താരവും ബൾഗേറിയയുടെ ക്യാപ്റ്റനുമായിരുന്ന ദിമിതാർ ബെർബതോവിനെ കൊണ്ടുവന്നതുതന്നെ താൻ ആക്രമണത്തിനാണ് മുൻതൂക്കം നൽകുന്നതെന്ന റെനെയുടെ പ്രഖ്യാനപമാണ്. കൂടാതെ ആരാധകരുടെ പ്രിയ താരം ഇയാൻ ഹ്യൂമിന്റെ തിരിച്ചുവരവ്, വിശ്വസ്തനായ ക്യാപ്റ്റൻ സന്ദേശ് ജിംഗൻ, മലയാളി താരം സി.കെ. വിനീത് എന്നിവരെല്ലാം ചേരുമ്പോൾ ബ്ലാസ്റ്റേഴ്‌സ് ഇത്തവണ കലിപ്പടക്കും എന്നുതന്നെയാണ് ആരാധകരുടെ പ്രതീക്ഷ. 
2006 മുതൽ 2010 വരെ ബൾഗേറിയയെ നയിച്ച ബെർബതോവ്, സി.എസ്.കെ സോഫിയയിലാണ് പ്രൊഫഷണൽ കരിയറിന് തുടക്കം കുറിച്ചത്. ശേഷം ജർമൻ ക്ലബ്ബായ ബയേർ ലെവർകുസനിൽ നീണ്ട കാലം. അതുകഴിഞ്ഞ് ഇംഗ്ലീഷ് പ്രീമിയർ ലീഗിലെത്തിയ സ്‌ട്രൈക്കർ ടോട്ടനമിൽ രണ്ട് വർഷം കളിച്ചു. പിന്നീടാണ് മാഞ്ചസ്റ്റർ യുനൈറ്റഡിലെത്തിയത്. ഇ.പി.എല്ലിൽ സുവർണ പാദുകം നേടിയ താരം പിന്നീട് ഫുൾഹാമിലും, ഫ്രഞ്ച് ക്ലബ്ബായ മൊണാക്കോയിലും, ഗ്രീസിലെ പാക്കിലും കളിച്ച ശേഷമാണ് കേരള ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്. യുനൈറ്റഡിന് കളിക്കുമ്പോൾ റെനെയുമായുള്ള പരിചയമാണ് ബ്ലാസ്റ്റേസിലേക്കുള്ള ബെർബതോവിന്റെ വരവിനു വഴിയൊരുക്കിയത്. 
ഹ്യൂമേട്ടന്റെ തിരിച്ചുവരവാണ് മഞ്ഞപ്പടയുടെ ആരാധകരെ ആഹ്ലാദിപ്പിക്കുന്ന മറ്റൊരു കാര്യം. 2014ൽ അഞ്ച് ഗോളടിച്ച് ടീമിലെ ടോപ് സ്‌കോററായ ഹ്യൂമും ബെർബതോവും ചേരുമ്പോൾ എതിരാളികളുടെ ഗോൾമുഖത്തിനു വിശ്രമമുണ്ടാവില്ല. 
വിംഗുകളിലൂടെയുള്ള ആക്രമണങ്ങളുടെ ചുമതല സി.കെ. വിനീതിനും ജാക്കിചന്ദ് സിംഗിനുമാണ്. പ്രതിരോധത്തിന്റെ നെഞ്ചകമായ സെന്റർ ബാക്ക് പൊസിഷനിൽ സന്ദേശ് ജിംഗൻ തന്നെ. ആദ്യ സീസൺ മതുൽ ബ്ലാസ്റ്റേഴ്‌സിനൊപ്പം അടിയുറച്ച് നിൽക്കുന്ന താരമാണ് ദേശീയ ടീമംഗമായ ഈ പഞ്ചാബുകാരൻ. ഫുൾബാക്ക് പൊസിഷനിൽ റിനോ ആന്റോ, സാമുവൽ ഷദാപ് എന്നിവരെ തെരഞ്ഞടുക്കാനുള്ള കാരണം ക്രോസുകൾ തൊടുത്തുവിടാനുള്ള കഴിവാണ്. 
പോസ്റ്റിനുകീഴിൽ മുൻ മാഞ്ചസ്റ്റർ താരം പോൾ റാച്ചുക്ക ഉണ്ടെങ്കിലും വിദേശ താരങ്ങളെ ഇറക്കുന്നതിലുള്ള നിയന്ത്രണം കണക്കിലെടുത്ത് സുഭാശിഷ് റോയ് ചൗധരി തന്നെ ആയിരിക്കും പ്രധാന ഗോളി. പത്ത് ടീമുകളുമായി ഇത്തവണ ലീഗ് അഞ്ച് മാസം നീളുന്നതിനാൽ സന്ദീപ് നന്ദിക്കും അവസരമുണ്ടാകും.
കഴിഞ്ഞ മൂന്നു വർഷങ്ങളിലും ബ്ലാസ്റ്റേഴ്‌സ് വ്യത്യസ്ത ശൈലികളാണ് അവലംബിച്ചിരുന്നത്. അവയെയെല്ലാം കൂട്ടിയോജിപ്പിച്ചിരുന്നത് ടീം അടിസ്ഥാനപരമായി പിന്തുടർന്നുവന്ന ഫുട്‌ബോളിലെ ബ്രിട്ടീഷ് ശൈലി ആയിരുന്നു. മാഞ്ചസ്റ്ററിലെ അനുഭവമുള്ള കോച്ച് റെനെയും ഇതേ ശൈലിയുടെ പ്രയോക്താവാണ്. കൂടുതൽ സാങ്കേതിക മികവോടെ ബ്രിട്ടീഷ് ഫുട്‌ബോൾ ശൈലി പ്രയോഗിക്കാൻ അദ്ദേഹത്തിന് കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. 
ഇത്തവണ ആദ്യ മത്സരങ്ങൾ സ്വന്തം ആരാധകരുടെ മുന്നിൽ കളിക്കാമെന്ന ആനുകൂല്യം കൂടി ബ്ലാസ്റ്റേഴ്‌സിനുണ്ട്. ഗാലറി നിറയുമെന്നുറപ്പ്. ഇരിപ്പിടത്തിന്റെ എണ്ണം കണക്കിലെടുത്ത് നാൽപതിനായിരം കാണികൾക്കേ ടിക്കറ്റ് ലഭിക്കൂ എന്നതാണ് ആരാധകരെ നിരാശപ്പെടുത്തുന്നത്. എ.ടി.കെക്കുശേഷം നവാഗതരായ ജംഷെഡ്പൂർ എഫ്.സി (24), മുംബൈ സിറ്റി എഫ്.സി (ഡിസംബര് 3) എന്നീ ടീമുകളെയും നെഹ്‌റു സ്റ്റേഡിയത്തിൽ ബ്ലാസ്റ്റേഴ്‌സ് മത്സരം. ആദ്യ എവേ മത്സരം ഡിസംബർ ഒമ്പതിന് ഗോവക്കെതിരെ ഫത്തോർഡ നെഹ്‌റു സ്റ്റേഡിയത്തിലാണ്. 

ബ്ലാസ്റ്റേഴ്‌സ് ടീം
ഇന്ത്യൻ കളിക്കാർ: അരാത ഇസുമി, സുഭാശിഷ് റോയ് ചൗധരി, സന്ദേശ് ജിംഗൻ (ക്യാപ്റ്റൻ), സിയാം ഹാംഗൽ, ജാക്കിചന്ദ് സിംഗ്, ലാൽറുവത്താര, ലാൽതകീമ, ലോകൻ മെയ്‌തേയി, റിനോ ആന്റോ, സി.കെ. വിനീത്, കെ. പ്രശാന്ത്, കരൺ സാവ്‌നീ, സാമുവൽ ഷദാപ്, പ്രീതം സിംഗ്, മിലൻ സിംഗ്, അജിത് ശിവൻ, സന്ദീപ് നന്ദി.
വിദേശ താരങ്ങൾ: ഇയാൻ ഹ്യൂം, ക്യൂറേജ് പെകുസൺ, നെമാന്യ ലാകിച് പെസിച്, മാർക്ക് സിഫ്‌നിയോസ്, പോൾ റാച്ചുബ്ക, വെസ് ബ്രൗൺ, ദിമിതാർ ബെബറ്റോവ് (മാർക്വി താരം). 
റിസർവ് കളിക്കാർ: ജിഷ്ണു ബാലകൃഷ്ണൻ, എം.എസ് സുജിത്, സഹൽ അബ്ദുൽ സമദ്.

Latest News