Sorry, you need to enable JavaScript to visit this website.

ഐ.എസ്.എൽ ഗുണകരമാണെങ്കിലും കളിക്കാർക്ക് അവസരം കുറഞ്ഞു -സി.വി പാപ്പച്ചൻ

പാലക്കാട് പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച സംവാദത്തിൽ മുൻ ഇന്ത്യൻ താരം സി.വി. പാപ്പച്ചൻ സംസാരിക്കുന്നു.

പാലക്കാട്- ഐ.എസ്.എല്ലിന്റെ വരവ് ഇന്ത്യൻ ഫുട്‌ബോളിന് ഗുണകരമാണെങ്കിലും മറ്റ് പല പ്രമുഖ ടൂർണമെന്റുകളും ഇല്ലാതായത് കളിക്കാർക്ക് അവസരങ്ങൾ കുറച്ചുവെന്ന് സി.വി. പാപ്പച്ചൻ. വന്ന മാറ്റം രാജ്യത്തിലെ ഫുട്‌ബോളിന്റെ വളർച്ചക്ക് സഹായകമാകണമെങ്കിൽ കുട്ടികളെ പ്രഫഷണൽ കാഴ്ചപ്പാടോടെ പരിശീലനം നൽകി വളർത്തിക്കൊണ്ടു വരണമെന്ന് കുരികേശ് മാത്യു. ഐ.എസ്.എല്ലിന്റെ പശ്ചാത്തലത്തിൽ പാലക്കാട് പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച സംവാദത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും. പാലക്കാട് പ്രസ് ക്ലബ് മുൻ പ്രസിഡന്റും പ്രശസ്ത കളിയെഴുത്തുകാരനുമായിരുന്ന ആൻഡ്രൂസ് ഫിലിപ്പിന്റെ ഓർമ്മക്കായാണ് പരിപാടി സംഘടിപ്പിച്ചത്.
ഐ.എസ്.എല്ലിന്റെ കടന്നുവരവോടെ ഇന്ത്യൻ ഫുട്‌ബോളിന്റെ ട്രെന്റ് തന്നെ മാറി. വിദേശ കളിക്കാർക്കൊപ്പം ഇവിടെയുള്ളവർക്ക് കളിക്കാനാകുന്നത് ചെറിയ കാര്യമല്ല. എന്നാൽ ഇന്ത്യൻ ഫുട്‌ബോൾ ഐ.എസ്.എല്ലിൽ കേന്ദ്രീകരിക്കുന്നതു മൂലം പരമ്പരാഗതമായി നടന്നു വന്നിരുന്ന പല പ്രമുഖ ടൂർണമെന്റുകളും ഇല്ലാതായി. കേരളത്തിൽ ചാക്കോള, നാഗ്ജി, മാമ്മൻ മാപ്പിള എന്നിങ്ങനെ കളിക്കാരും ആരാധകരും ഏറെ പ്രതീക്ഷയോടെ നോക്കിക്കണ്ടിരുന്ന നിരവധി ടൂർണമെന്റുകൾ ഉണ്ടായിരുന്നു. കേരളാ പോലീസിനേയും ടൈറ്റാനിയത്തേയും പോലുള്ള ടീമുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പഴയ ടൂർണമെന്റുകൾ അപ്രത്യക്ഷമായതോടെ ടീമുകളും ഇല്ലാതായി. കളിക്കാർക്ക് അവസരം കുറയാനാണ് ഇതിടയാക്കിയത്. ഐ.എസ്.എൽ കളിക്കാൻ കഴിയുന്നവർക്കേ അവസരമുള്ളൂ എന്നായിട്ടുണ്ട് അവസ്ഥ. അത് ഗുണകരമാണോ എന്നത് വിലയിരുത്തപ്പെടണം. ഐ.എസ്.എല്ലിന്റെ വരവോടെ രാജ്യത്തിന്റെ ഫുട്‌ബോൾ രംഗത്തുണ്ടായിട്ടുള്ള ഉയർച്ച ഇന്ത്യൻ ടീമിന്റെ പ്രകടനത്തിൽ പ്രതിഫലിച്ചാലേ രാജ്യത്തിന് നേട്ടമുള്ളുവെന്നും പാപ്പച്ചൻ പറഞ്ഞു. 
ഐ.എസ്.എൽ മുന്നോട്ടുവെക്കുന്ന പ്രഫഷണൽ സമീപനം സ്വായത്തമാക്കാനാണ് ഇന്ത്യൻ ഫുട്‌ബോൾ ശ്രമിക്കേണ്ടതെന്ന് കുരികേശ് മാത്യു പറഞ്ഞു. അണ്ടർ 17 ലോകകപ്പിന് ആതിഥ്യമരുളാനായത് രാജ്യത്തെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമാണ്. വിദേശ രാജ്യങ്ങൾ തങ്ങളുടെ കളിക്കാരിൽ ചെറുപ്രായത്തിൽത്തന്നെ പ്രഫഷണലിസം വളർത്തിക്കൊണ്ടു വരുന്നത് നേരിട്ട് കാണാൻ കഴിഞ്ഞു. ഐ.എസ്.എല്ലിലും പ്രകടമാകുന്നത് അതേ സമീപനമാണ്. ചെറുപ്രായത്തിൽ തന്നെ കളിക്കാരെ വാർത്തെടുക്കുന്നതിനുള്ള ശ്രമമാണ് ഫുട്‌ബോൾ ഭരണാധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാവേണ്ടതെന്നും കുരികേശ് മാത്യു പറഞ്ഞു. 
പ്രസ് ക്ലബ്ബ് പ്രസിഡന്റ് ഷില്ലർ സ്റ്റീഫൻ അധ്യക്ഷനായിരുന്നു. എ. സഹദേവൻ, പ്രഫ. ഗോവിന്ദൻ കുട്ടി കർത്താ, പ്രസ് ക്ലബ്ബ് സെക്രട്ടറി എൻ.എ.എം. ജാഫർ തുടങ്ങിയവർ സംബന്ധിച്ചു. 

 

Latest News