Sorry, you need to enable JavaScript to visit this website.

ഐ.എസ്.എൽ ടിക്കറ്റുകൾ മറിച്ചു വിറ്റു;  കലക്ടർ വിശദീകരണം നൽകണം 

കൊച്ചി- ഐ.എസ്.എൽ  ഉദ്ഘാടന മത്സരത്തിന്റെ ടിക്കറ്റുകൾ സംഘാടകരുടെ ഒത്താശയോടെ മറിച്ചു വിറ്റുവെന്ന ആരോപണം അനേ്വഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. എറണാകുളം ജില്ലാ കലക്ടറും ഐ.എസ്.എൽ  സംഘാടകരും രണ്ടാഴ്ചയ്ക്കകം വിശദീകരണം നൽകണമെന്ന് കമ്മീഷൻ ആക്റ്റിംഗ് അധ്യക്ഷൻ പി മോഹനദാസ് ഉത്തരവായി. മനുഷ്യാവകാശ പ്രവർത്തകനും കൊച്ചി നഗരസഭാംഗവുമായ തമ്പി സുബ്രഹ്മണ്യൻ സമർപ്പിച്ച പരാതിയെ തുടർന്നാണ് നടപടി. കേസ് ഡിസംബർ ആറിന് പരിഗണിക്കും.
ഉദ്ഘാടന മത്സരത്തിന്റെ മുഴുവൻ ടിക്കറ്റുകളും ഓൺലൈൻ വഴി വിറ്റതായി സംഘാടകർ പറയുന്നു.  ഓപൺ കൗണ്ടറിലൂടെ ടിക്കറ്റ് വിൽക്കുമെന്നാണ് സംഘാടകർ അറിയിച്ചിരുന്നത്.  കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ഫുട്‌ബോൾ പ്രേമികളും കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകരും ടിക്കറ്റ് എടുക്കാൻ കലൂർ സ്റ്റേഡിയത്തിലെത്തിയെങ്കിലും മുഴുവൻ ടിക്കറ്റുകളും ഓൺലൈൻ വഴി വിറ്റെന്നായിരുന്നു സംഘാടകരുടെ മറുപടി.  എന്നാൽ ഏജന്റുമാർ അഞ്ചിരട്ടി വിലക്ക് ടിക്കറ്റ് വിൽപന തകൃതിയായി നടത്തി.  ഫുട്‌ബോൾ മത്സരങ്ങളുടെ കച്ചവട സാധ്യത മുന്നിൽ കണ്ടാണ് വൻ ലോബികൾ കൗണ്ടറിലൂടെ ടിക്കറ്റ് വിൽക്കാതെ മറിച്ചു വിറ്റതെന്ന് മനുഷ്യാവകാശ പ്രവർത്തകനും തമ്പി സുബ്രഹ്മണ്യൻ സമർപ്പിച്ച പരാതിയിൽ പറയുന്നു.  തുടർന്നുള്ള മത്സരങ്ങളിലെങ്കിലും ടിക്കറ്റുകൾ ഓപൺ കൗണ്ടർ വഴി നൽകണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

Latest News