കൊല്‍ക്കത്ത- സര്‍ക്കാര്‍ പരിപാടിയില്‍ ജയ് ശ്രീ റാം മുദ്രാവാക്യം വിളിച്ചതിനെ തുടര്‍ന്ന് പ്രസംഗിക്കാതെ പ്രതിഷേധിച്ച പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ വിശ്വ ഹിന്ദു പരിഷത്ത്. മുഖ്യമന്ത്രിയുടെ ഹിന്ദു വിരുദ്ധ മനോഭാവവും പ്രത്യേക സമുദായത്തെ പ്രീണിപ്പിക്കാനുള്ള ശ്രമവുമാണ് ഇതിലൂടെ പ്രതിഫലിച്ചതെന്ന് വി.എച്ച്.പി നേതാവ് സുരേന്ദ്ര ജെയന്‍ ആരോപിച്ചു.
ശനിയാഴ്ച വിക്ടോറിയ മെമ്മോറിയല്‍ ഹാളില്‍ നടന്ന നേതാജി ജന്മവാര്‍ഷിക ചടങ്ങിലാണ് സംഭവം. സദസ്സില്‍നിന്ന് ജയ് ശ്രീറാം വിളികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് അപമാനിക്കരുതെന്നും ഇത് സര്‍ക്കാര്‍ പരിപാടിയാമെന്നും പറഞ്ഞുകൊണ്ടാണ് മമത പ്രതിഷേധിച്ചത്.
ശ്രീരാമന്‍ രാജ്യത്തിന്റെ ആത്മാവാണെന്നും ജയ് ശ്രീ റാം മുദ്രാവാക്യങ്ങളോട് എന്തിനാണ് രോഷം കൊള്ളുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും വി.എച്ച്.പി അന്താരാഷ്ട്ര ജനറല്‍ സെക്രട്ടറി സുരേന്ദ്ര ജെയിന്‍ പറഞ്ഞു.
ജനക്കൂട്ടത്തില്‍ ഒരു വിഭാഗം ജയ് ശ്രീറാം തുടര്‍ന്നപ്പോള്‍ കൊല്‍ക്കത്തയില്‍ ഈ പരിപാടി സംഘടിപ്പിച്ചതിന് പ്രധാനമന്ത്രിക്കും കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിനും നന്ദി പറയുന്നുവെന്ന് വ്യക്തമാക്കിയാണ് പ്രസംഗിക്കാനില്ലെന്ന് പറഞ്ഞത്. ജയ് ബംഗ്ല, ജയ് ഹിന്ദ് എന്നു പറഞ്ഞാണ് മമതാ ബാനര്‍ജി വാക്കുകള്‍ നിര്‍ത്തിയത്.
മുദ്രാവാക്യത്തില്‍ തെറ്റില്ലെന്നും നേതാജിയുടെ ജന്മവാര്‍ഷികത്തില്‍ രാഷ്ട്രീയം കൂട്ടിക്കലര്‍ത്തരുതെന്നും ബിജെപി നേതാവും നേതാജിയുടെ ചെറുമകനുമായ ചന്ദ്രകുമാര്‍ ബോസ് പറഞ്ഞു.
അതേസമയം, കോണ്‍ഗ്രസും ഇടതുമുന്നണിയും മുഖ്യമന്ത്രി ബാനര്‍ജിയുടെ നിലപാടിനെ പിന്തുണക്കുകയും സംഭവത്തില്‍ ബി.ജെ.പിക്കെതിരെ ആഞ്ഞടിക്കുകയും ചെയ്തിരുന്നു.