പനാജി- അന്‍പത്തൊന്നാമത് ഗോവ രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരശ്ശീല വിഴും. ഡോ ശ്യാമപ്രദാസ് മുഖര്‍ജി ഓഡിറ്റോറയത്തില്‍ വെച്ച് വൈകീട്ട് നടക്കുന്ന സമാപന ചടങ്ങില്‍ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, ഫെസ്റ്റിവല്‍ ഡയറക്ടര്‍ ചൈതന്യ പ്രസാദ്, നീരജ ശേഖര്‍(അഡീഷണല്‍ സെക്രട്ടറി, കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം), അമിത് ഖരെ(കേന്ദ്ര ഉന്നത വിദ്യാഭ്യാസ, വാര്‍ത്താ വിതരണ പ്രക്ഷേപണ സെക്രട്ടറി), ജൂറി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുക്കും. രാജ്യാന്തരമേളയുടെ പുരസ്‌കാരങ്ങളും ഇതോടൊപ്പം പ്രഖ്യാപിക്കും. മികച്ച സിനിമ, സംവിധായിക / സംവിധായകന്‍, മികച്ച നടി, മികച്ച നടന്‍, മികച്ച നവാഗത സംവിധായകന്‍/ സംവിധായിക തുടങ്ങിയ വിഭാഗങ്ങളില്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കും. മികച്ച ചിത്രത്തിന് 40 ലക്ഷവും പ്രശസ്തി പത്രവും അടങ്ങുന്ന സുവര്‍ണമയൂര പുരസ്‌കാരം ലഭിക്കും. മികച്ച സംവിധായകന് രജത മയൂര പുരസ്‌കാരം ലഭിക്കും. 15 ലക്ഷം രൂപയാണ് സമ്മാനതുക. കിയോഷി കുറസോവയുടെ വൈഫ് ഓഫ് എ സ്‌പൈ ആണ് സമാപന ചിത്രം. 15 ചിത്രങ്ങളാണ് ഇത്തവണ മത്സരവിഭാഗത്തിലുള്ളത്. കൃപാല്‍ കലിതയുടെ ബ്രിഡ്ജ്, സിദ്ധാര്‍ത്ഥ് ത്രിപാഠിയുടെ എ ഡോഗ് ആന്‍ഡ് ഹിസ് മാന്‍, ഗണേശ് വിനായകന്‍ സംവിധാനം ചെയ്ത തേന്‍ എന്നിവയാണ് മത്സര വിഭാഗത്തിലുണ്ടായിരുന്ന ഇന്ത്യന്‍ ചിത്രങ്ങള്‍. മത്സരവിഭാഗത്തില്‍ ഇത്തവണ മലയാള ചിത്രങ്ങളുണ്ടായിരുന്നില്ല. പോര്‍ച്ചുഗല്‍, ഇറാന്‍, ഡെന്‍മാര്‍ക്ക്, ഫ്രാന്‍സ്, സ്‌പെയിന്‍, ദക്ഷിണകൊറിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നായിരുന്നു മറ്റ് എന്‍ട്രികള്‍. കോവിഡ് പശ്ചാത്തലത്തില്‍ ഹൈബ്രിഡ് രീയിലാണ് മേള സംഘടിപ്പിച്ചത്. 2,500 പേര്‍ക്ക് മാത്രമാണ് തിയറ്ററുകളില്‍ സിനിമ കാണാനുള്ള അവസരം ഒരുക്കിയത്. വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമിലും ഏതാനും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. മാസ്റ്റര്‍ ക്ലാസ്, ഇന്‍കോണ്‍വര്‍സേഷന്‍ വിഭാഗങ്ങള്‍ ഓണ്‍ലൈനില്‍ കാണാനും അവസരമൊരുക്കിയിരുന്നു. 224 സിനിമകളാണ് മേളയില്‍ പ്രദര്‍ശിപ്പിച്ചത്. അര്‍ജന്റീനയില്‍ നിന്നുള്ള സംവിധായകന്‍ പാബ്ലോ സെസാറാണ് അന്താരാഷ്ട്ര ചിത്രങ്ങളുടെ ജൂറി അധ്യക്ഷന്‍.