ചെന്നൈ- താൻ പുതുതായി രൂപീകരിക്കാനൊരുങ്ങുന്ന രാഷ്ട്രീയ പാർട്ടിയിലേക്ക് സംഭാവനയായി കിട്ടിയ 30 കോടി രൂപ തിരിച്ചു നൽകുന്നുവെന്ന് കമൽഹാസൻ. രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി 30 കോടി രൂപ സ്വരൂപിച്ച കാര്യം അടുത്തിടെ കമൽ വെളിപ്പെടുത്തിയിരുന്നു.
സംഭാവനയായി ലഭിച്ച തുക സൂക്ഷിച്ചുവെക്കാൻ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതിനാൽ തിരികെ നൽകുകയാണെന്ന് 'ആനന്ദവികടൻ' വാരികയിലെ പ്രതിവാര പംക്തിയിലാണ് താരം വ്യക്തമാക്കിയത്. പാർട്ടി പ്രഖ്യാപനംപോലും നടത്താതെ പണം കൈയിൽ വെക്കുന്നത് നിയമവിരുദ്ധമാണെന്നും അതിനാൽ പണം തിരികെ നൽകുകയാണെന്നും താരം വ്യക്തമാക്കി. പാർട്ടി പ്രഖ്യാപനം നടത്തി പേരും നൽകിയതിനുശേഷം മാത്രമേ ഇനി പണം സംഭാവനയായി സ്വീകരിക്കുന്നുള്ളൂവെന്നും കമൽഹാസൻ പറഞ്ഞു.
എന്നാൽ പുതിയ രാഷ്ട്രീയ പാർട്ടി എന്ന് പ്രഖ്യാപിക്കും എന്ന കാര്യം താരം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. രജനീകാന്ത് ഉൾപ്പെടെ ഉള്ളവരുടെ പിന്തുണയോടെയാകും താരത്തിന്റെ രാഷ്ട്രീയ പ്രവേശം എന്നാണ് സൂചനകൾ.
സാധാരണക്കാർക്കായി പുറത്തിറക്കിയ മൊബൈൽ ആപ്പിൽ മാത്രം വിശ്വസിച്ച് രാഷ്ട്രീയത്തിൽ ഇറങ്ങില്ല. കൂടുതൽ നടപടികൾ വരാനിരിക്കുന്നതേയുള്ളൂ- കമൽഹാസൻ പറഞ്ഞു. ഇന്ത്യയിൽ ഭൂരിപക്ഷവും ഹിന്ദുക്കളാണെന്നും മറ്റുള്ളവരെ അംഗീകരിക്കാൻ അവർ തയാറാകണമെന്നും കമൽഹാസൻ പറഞ്ഞു.
ഭൂരിപക്ഷമായ ഹിന്ദുക്കൾക്ക് ഒരു മുതിർന്ന സഹോദരന്റെ കടമയാണ് ഉള്ളതെന്നും തങ്ങൾ വലിയവരാണെന്ന് അവകാശപ്പെടുന്ന അവരുടെ ഹൃദയങ്ങളും വലുതായിരിക്കണമെന്നും തമിഴ് മാസികയായ 'അനന്തവിവേദ'നിൽ എഴുതിയ ലേഖനത്തിൽ കമൽ പറഞ്ഞു. എന്തെങ്കിലും തെറ്റ് ചെയ്തതായി ബോധ്യപ്പെട്ടാൽ തിരുത്തിക്കൊടുക്കണമെന്നും ഒരാളെ ശിക്ഷിക്കാനുള്ള അവകാശം കോടതിക്കാണ് ഉള്ളതെന്നും കോടതികളെ അതുചെയ്യാൻ അനുവദിക്കണമെന്നും കമൽഹാസൻ പറഞ്ഞു.