കാന്‍ബെറ- വാര്‍ത്തകള്‍ ഗൂഗ്ള്‍ സെര്‍ചില്‍ പബ്ലിഷ് ചെയ്യുന്നതിന് മാധ്യമ സ്ഥാപനങ്ങള്‍ക്ക് പണം നല്‍കാന്‍ നിര്‍ബന്ധിച്ചാല്‍ ഓസ്‌ട്രേലിയയില്‍ തങ്ങളുടെ സെര്‍ച് എഞ്ചിൻ സേവനം നിര്‍ത്തുമെന്ന് ടെക്ക് ഭീമന്‍ ഗൂഗ്ള്‍ മുന്നറിയിപ്പു നല്‍കി. ഈ വിഷയത്തെ ചൊല്ലി മാസങ്ങളായി സര്‍ക്കാരും ഗൂഗ്‌ളിലും പോരിലായിരുന്നു. ന്യൂസ് പബ്ലിഷര്‍മാര്‍ക്ക് പണം നല്‍കണമെന്ന് അനുശാസിക്കുന്ന നിയമം കൊണ്ടു വരാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. പബ്ലിഷേഴ്‌സിനു പണം നല്‍കുക എന്നത് നടപ്പുള്ള കാര്യമല്ലെന്ന് ഗൂഗ്ള്‍ ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എംഡി മെല്‍ സില്‍വിയ പറഞ്ഞു. ഗൂഗ്ള്‍ സെര്‍ച് റിസല്‍ട്ടില്‍ മാധ്യമസ്ഥാപനങ്ങള്‍ പബ്ലിഷ് ചെയ്യുന്ന വാര്‍ത്തകളുടെ ശകലം കാണിക്കുന്നതിന് മാധ്യമ കമ്പനികള്‍ക്ക് പണം നല്‍കാനാവില്ലെന്ന് അവര്‍ വ്യക്തമാക്കി. ഓസ്‌ട്രേലിയയിലെ ഇന്റര്‍നെറ്റ് സെര്‍ചില്‍ 94 ശതമാനവും ഗുഗ്‌ളിന്റെ പങ്കാണ്. നിയന്ത്രണങ്ങള്‍ കൊണ്ടുവരാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ആദ്യമായാണ് കടുത്ത ഭീഷണിയുമായി ഗുഗ്ള്‍ രംഗത്തു വന്നിരിക്കുന്നത്.
ഭീഷണിയോട് പ്രതികരിക്കില്ല എന്നാണ് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ ഇതിനു മറുപടി നല്‍കിയത്. "ഓസ്‌ട്രേലിയയില്‍ ചെയ്യാവുന്ന കാര്യങ്ങള്‍ക്കു വേണ്ടിയുള്ള നിയമങ്ങളാണ് ഓസ്‌ട്രേലിയ ഉണ്ടാക്കുന്നത്. അത് ഞങ്ങളുടെ പാര്‍ലമെന്റിലാണ് ചെയ്യുന്നത്. സര്‍ക്കാരാണ് അത് ചെയ്യുന്നത്. ഓസ്‌ട്രേലിയയില്‍ കാര്യങ്ങള്‍ ഇങ്ങനെയാണ് നടക്കുന്നത്"- ശക്തമായ സ്വരത്തില്‍ പ്രധാനമന്ത്രി വ്യക്തമാക്കി.