ന്യൂദല്‍ഹി- ആഭ്യന്തര മന്ത്രി അമിത് ഷായുടെ ട്വിറ്റര്‍ അക്കൗണ്ട് നവംബറില്‍ ബ്ലോക്ക് ചെയ്ത നടപടി സംബന്ധിച്ച് പാര്‍ലമെന്റ് സമിതി ട്വിറ്ററിനെ ചോദ്യം ചെയ്തു. സമൂഹ മാധ്യമങ്ങളുടെ ദുരപയോഗം തടയുന്നതു സംബന്ധിച്ച് വിശദീകരണം നല്‍കാനായി ഹാജരായ ട്വിറ്റര്‍ ഉന്നത ഉദ്യോഗസ്ഥനെയാണ് സമിതി ചോദ്യങ്ങള്‍ കൊണ്ട് നിര്‍ത്തിപ്പൊരിച്ചത്. ഫെയ്‌സ്ബുക്ക് ഉന്നത ഉദ്യോഗസ്ഥനും ഹാജരായിരുന്നു. ഇരുവരേയും സമിതി വിശദമായി തന്നെ ചോദ്യം ചെയ്തു. അമിത് ഷായുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്തത് എന്തു കൊണ്ടാണെന്നും അതിന് ആരാണ് അധികാരം തന്നത് എന്നുമായിരുന്നു പ്രധാന ചോദ്യമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. പോസ്റ്റ് ചെയ്ത ഒരു ചിതം പകര്‍പ്പവകാശ ലംഘനമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അക്കൗണ്ട് താല്‍ക്കാലികമായി ബ്ലോക്ക് ചെയ്തതെന്ന് ട്വിറ്റര്‍ മറുപടി നല്‍കി. വൈകാതെ ബ്ലോക്ക് നീക്കുകയും അക്കൗണ്ട് പൂര്‍വസ്ഥിതിയിലാക്കുകയും ചെയ്തിരുന്നു.
ഇന്ത്യയില്‍ പ്രത്യേക നിയമം ഇല്ലെന്നിരിക്കെ സമൂഹമാധ്യമങ്ങളിലെ ഉള്ളടക്കം ട്വിറ്ററിനും ഫെയ്‌സ്ബുക്കിനും നീക്കം ചെയ്യാന്‍ എങ്ങനെ കഴിയുമെന്ന് സമിതിയിലെ ഭരണകക്ഷി അംഗങ്ങള്‍ ചോദിച്ചു. ഉള്ളടക്കം നിയന്ത്രിക്കുന്നതിന് കര്‍ശനമായ ചട്ടങ്ങള്‍ ഉണ്ടെന്നും സംഘര്‍ഷം ഇളക്കിവിടുന്നില്ലെന്ന് ഉറപ്പാക്കുന്നതിനു വേണ്ടി ആവശ്യമെങ്കില്‍ ഉള്ളടക്കം നീക്കം ചെയ്യുമെന്നും ട്വിറ്ററും ഫെയ്‌സ്ബുക്കും മറുപടി നല്‍കി. ഈ നയപ്രകാരമാണ് ട്വിറ്റര്‍ ഈയിടെ മുന്‍ യുഎസ് പ്രസിഡന്റ് ഡൊനള്‍ഡ് ട്രംപിന്റെ അക്കൗണ്ട് പൂര്‍ണമായും ബ്ലോക്ക് ചെയ്തത്.