മുംബൈ- പതിനാലാം വയസില്‍ വിവാഹം, പതിനെട്ട് വയസായതോടെ രണ്ട് കുഞ്ഞുങ്ങളുടെ അമ്മ. എന്നാല്‍ ഒരു പോലീസുകാരന്റെ ഭാര്യയായി വീട്ടില്‍ മാത്രം ജീവിതം ഒതുങ്ങാന്‍ അംബിക തയ്യാറായിരുന്നില്ല. 2019 ല്‍ മഹാരാഷ്ട്രയില്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ആയിരിക്കവെ ലോക്മത് മഹാരാഷ്ട്ര ഓഫ് ദ ഇയര്‍ പുരസ്കാരം നേടിയ ആളാണ് എന്‍ അംബിക. ജീവിതത്തില്‍ ദൃഢനിശ്ചയവും പ്രയത്നവും ഉണ്ടെങ്കില്‍ ഏത് ഉയരവും കീഴടക്കാന്‍ സാധിക്കുമെന്ന് തെളിയിച്ചു തന്ന അംബികയുടെ കഥ ഏവരെയും പ്രചോദിപ്പിക്കുന്നതാണ്.
അംബികയുടെ ഭര്‍ത്താവ് തമിഴ്നാട് പോലീസില്‍ ഒരു ഉദ്യോഗസ്ഥനായിരുന്നു. ഒരു ദിവസം വിശേഷ പോലീസ് പരേഡിന് അംബികയും ഭര്‍ത്താവിനൊപ്പം പോയി. അവര്‍ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരാണെന്നും വലിയ മത്സര പരീക്ഷ ജയിച്ച് ഐപിഎസ് പരീക്ഷ ജയിച്ചവരാണെന്നും പറഞ്ഞു മനസിലാക്കി. അന്ന് 18 കാരി അമ്മ പത്താം ക്ലാസ് പോലും പാസായിട്ടില്ല. എന്നാലും അംബിക വിടാന്‍ തയ്യാറായില്ല. തന്നെ ആളുകള്‍ സല്യൂട്ട് ചെയ്യണമെന്ന ദൃഢനിശ്ചയത്തില്‍ അംബിക ഉറച്ച് നിന്നു. അംബിക പത്താം ക്ലാസ് പ്രൈവറ്റായി പഠിച്ച് ജയിച്ചു. പിന്നീട് പ്രീഡിഗ്രിയും ഡിഗ്രിയും നേടി. എന്നാല്‍ സ്വന്തം നാട്ടില്‍ സിവില്‍ സര്‍വീസിന് കോച്ചിംഗില്ലെന്ന് അറിഞ്ഞതോടെ തമിഴ്നാടിന്റെ മഹാനഗരത്തില്‍ അവര്‍ പ്രവേശിച്ചു. കുട്ടികളുടെ എല്ലാ ചുമതലയും ഭര്‍ത്താവ് ഏറ്റെടുത്തതോടെ അംബിക സിവില്‍ സര്‍വ്വീസിലേക്കുള്ള പഠനം ആരംഭിച്ചു. എന്നാല്‍ ആദ്യ പരീക്ഷയില്‍ പരാജയമാണ് അംബികയെ തേടിയെത്തിയത്. പരീക്ഷയ്ക്കായി വീണ്ടും തയ്യാറെടുത്തെങ്കിലും പരാജയമായിരുന്നു വീണ്ടും. നാലാം തവണ അംബിക സിവില്‍ സര്‍വീസില്‍ വിജയിച്ച് കയറി. പ്രിലിമിനറിയും മെയിനും അഭിമുഖവും എല്ലാം വിജയകരമായി കടന്നു. 2008 ബാച്ചിലെ ഐപിഎസ് ലിസ്റ്റില്‍ അംബിക ഇടംനേടി. മഹാരാഷ്ട്രയില്‍ സര്‍വീസില്‍ കയറിയ അംബിക ഇന്ന് കാര്യക്ഷമത കൊണ്ട് ലേഡി ശിങ്കം എന്നാണ് അറിയപ്പെടുന്നത്.