ലഖ്‌നൗ- സഞ്ജയ് ലീലാ ബന്‍സാലിയുടെ ബോളിവുഡ് ചിത്രമായ പത്മാവതിയുടെ റിലീസിംഗ് ജനവികാരം കണക്കിലെടുത്ത് നീട്ടിവെക്കണമെന്ന് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ചിത്രത്തിനു പ്രദര്‍ശനാനുമതി നല്‍കുന്നതിനു മുന്‍പു ജനങ്ങളുടെ വികാരം കണക്കിലെടുക്കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പട്ടത്.
ചിത്രത്തിനെതിരെ സംഘ് പരിവാര്‍ സംഘടനകള്‍ ആരംഭിച്ച പ്രതിഷേധം സംസ്ഥാന സര്‍ക്കാരും ഏറ്റുപിടിച്ചിരിക്കയാണ്. ചരിത്രപരമായ വസ്തുതകളെ വളച്ചൊടിച്ചാണു ചിത്രമെന്നു കേന്ദ്ര വാര്‍ത്താവിതരണ സെക്രട്ടറിക്കയച്ച കത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കുറ്റപ്പെടുത്തുന്നു.
ചിത്രത്തിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ടു നല്‍കിയ ഹരജി സുപ്രീം കോടതി നേരത്തെ തള്ളിയിരുന്നു. ദീപിക പദുകോണ്‍, രണ്‍വീര്‍ സിങ്, ഷാഹിദ് കപൂര്‍ എന്നിവര്‍ സുപ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്ന ചിത്രത്തിന്റെ റിലീസ് ഡിസംബര്‍ ഒന്നിനാണു നിശ്ചയിച്ചിരിക്കുന്നത്.
ചിത്രം പുറത്തിറക്കുന്നതിനെതിരെ വന്‍ പ്രതിഷേധമാണ് യുപിയില്‍ തുടരുന്നത്. കാലം കത്തിക്കല്‍, മുദ്രാവാക്യം വിളിച്ചുള്ള റാലി, പോസ്റ്ററുകള്‍ നശിപ്പിക്കല്‍ തുടങ്ങിയവയാണു ദിവസങ്ങളായി നടക്കുന്നത്. ചിത്രം പ്രദര്‍ശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടു തിയറ്ററുകളുടെയും മള്‍ട്ടിപ്ലക്‌സുകളുടെയും ഉടമകള്‍ക്ക് ഭീഷണിയുമുണ്ട്. ചിത്രത്തിന്റെ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ച തിയേറ്ററുകള്‍ ആക്രമിക്കപ്പെട്ടു.
'പത്മാവതി'ക്കെതിരെ രാജസ്ഥാനിലെ ഉദയ്പൂരിലെ മേവാര്‍ രാജവംശം നേരത്തെ രംഗത്തെത്തിയിരുന്നു. തന്റെ പിതാമഹന്‍മാരുടെ പേരു മോശമാക്കുന്ന തരത്തിലാണു ചിത്രമെന്ന് റാണി പത്മാവതിയുടെ പിന്തുടര്‍ച്ചക്കാരന്‍ എം.കെ.വിശ്വരാജ് സിങ് ആരോപിച്ചു. എന്നാല്‍ സൂഫി കവിയായ മാലിക് മുഹമ്മദ് ജയസിയുടെ എഴുത്തില്‍നിന്നാണു സിനിമ നിര്‍മിച്ചതെന്നാണ് ബന്‍സാലിയുടെ വാദം.