ന്യൂദൽഹി- ചരിത്രത്തിലാദ്യമായി സെൻസെക്‌സ് 50,000 കടന്നു. ഇന്ന് രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ തന്നെ 335 പോയിന്റുമായി സെൻസെക്‌സ് 50,126.73-ൽ എത്തി. നിഫ്റ്റിയും 14,700 പോയിന്റ് രേഖപ്പെടുത്തി. ഇന്ത്യയിൽ കോവിഡ് വാക്‌സിൻ വിതരണം വിജയകരമായി മുന്നോട്ടുപോകുന്നതാണ് ഓഹരി വിപണിക്ക് ഉണർവായത്. റിലയൻസിന്റെ എച്ച്.സി.എല്ലിന്റെ ഓഹരികൾക്ക് വൻനേട്ടമാണ് ഉണ്ടായത്. കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ വർഷം മാർച്ച് 24ന് സെൻസെക്‌സ് 25638.90 പോയിന്റ് വരെ ഇടിഞ്ഞു. ആഗോളവിപണികളിലെ മുന്നേറ്റം, യു.എസ്-ചൈന വ്യാപാര യുദ്ധം അവസാനിക്കുമെന്ന പ്രത്യാശ, വിപണിയിലേക്ക് അണമുറിയാതെ ഒഴുകുന്ന വിദേശ നിക്ഷേപം, ഇന്ത്യൻ കമ്പനികളിൽനിന്ന് പ്രതീക്ഷിച്ചതിലും മെച്ചപ്പെട്ട പ്രവർത്തനഫലം തുടങ്ങിയവയാണ് സെൻസെക്‌സ് ഉയരാൻ കാരണം.