മുംബൈ- റിപ്പബ്ലിക് ടി.വി മേധാവി അര്‍ണബ് ഗോസ്വാമിയും ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസേര്‍ച്ച് കൗണ്‍സില്‍ (ബാര്‍ക്) മുന്‍ മേധാവി പാര്‍ത്തോ ദാസ്ഗുപ്തയും തമ്മില്‍ നടത്തിയ ചാറ്റ് സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് മഹാരാഷ്ട്ര സര്‍ക്കാരിലെ ഘടകകക്ഷികള്‍ ആവശ്യപ്പെട്ടു.
സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്ന് എന്‍.സി.പിയും ഔദ്യോഗിക രഹസ്യ നിയമം അനുസരിച്ച് അന്വേഷിക്കണമെന്ന് കോണ്‍ഗ്രസും ആവശ്യപ്പെട്ടു. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ അന്വേഷണം വേണമെന്ന് ശിവസേനയും ആവശ്യപ്പെട്ടു.
ചൊവ്വാഴ്ച ആഭ്യന്തര വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കൂടിയാലോചിച്ച് നടപടികള്‍ തീരുമാനിക്കുമെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് പറഞ്ഞു.
ബാലക്കോട്ട്, പുല്‍വാമ ആക്രമണങ്ങള്‍ ഉള്‍പ്പെട പല നിര്‍ണായക വിഷയങ്ങളും അര്‍ണബും ദാസ് ഗുപ്തയും വാട്‌സാപ്പില്‍ ചാറ്റ് ചെയ്തിരുന്നു. എല്ലാ കാര്യങ്ങളും അര്‍ണബ് എങ്ങനെ മുന്‍കൂട്ടി അറിഞ്ഞുവെന്ന പ്രധാന ചോദ്യമാണ് ഉയരുന്നത്.
പുല്‍വാമ ഭീകരാക്രമണത്തിനു തിരിച്ചടിയായി പാക്കിസ്ഥാനിലെ ബാലാക്കോട്ടില്‍ വ്യോമാക്രമണം നടത്തുന്ന കാര്യം മൂന്ന് ദിവസം മുമ്പ് തന്നെ അര്‍ണബ് അറിഞ്ഞിരുന്നുവെന്നാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്ന ചാറ്റില്‍ വ്യക്തമാകുന്നത്.