മുംബൈ-പുല്‍വാമയിലെ ഭീകരാക്രമണത്തിനു പിന്നാലെ പാക്ക് അധീന കശ്മീരിലുള്ള ബാലാക്കോട്ടില്‍ 2019 ഫെബ്രുവരി 26ന് ഇന്ത്യ നടത്തിയ വ്യോമാക്രമണത്തെക്കുറിച്ചുള്ള വിവരം റിപ്പബ്ലിക് ടിവി മേധാവി അര്‍ണബ് ഗോസ്വാമിക്കു മുന്‍കൂട്ടി അറിയാമായിരുന്നുവെന്ന ആരോപണം ഏറ്റുപിടിച്ച് പ്രതിപക്ഷ കക്ഷികള്‍. ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി കോണ്‍ഗ്രസിനു പിന്നാലെ ശിവസേനയും എന്‍സിപിയും രംഗത്തെത്തി.വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച് കൗണ്‍സില്‍ സിഇഒ പാര്‍ഥോ ദാസ്ഗുപ്തയുമായി നടത്തിയ വാട്സാപ് സംഭാഷണത്തിലാണ് ബാലാക്കോട്ട് ആക്രമണത്തെക്കുറിച്ച് അര്‍ണബ് സൂചിപ്പിച്ചത്. 500 പേജുള്ള സംഭാഷണം കഴിഞ്ഞ ദിവസം ചോര്‍ന്നിരുന്നു. വലിയൊരു സംഭവം നടക്കാന്‍ പോകുന്നുവെന്ന ആമുഖത്തോടെയാണ് ഫെബ്രുവരി 23നുള്ള സംഭാഷണത്തില്‍ ബാലാക്കോട്ടിനെക്കുറിച്ച് അര്‍ണബ് സൂചിപ്പിക്കുന്നത്. അധോലോക നായകന് ദാവൂദ് ഇബ്രാഹിമിനെക്കുറിച്ചാണോ പറയുന്നതെന്ന പാര്‍ഥോയുടെ ചോദ്യത്തിനു മറുപടിയായി, പാക്കിസ്ഥാനെയാണു താന്‍ ഉദ്ദേശിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.