ബെംഗളുരു- മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിനു കീഴിലുള്ള ഇ-കൊമേഴ്‌സ് സംരഭമായ ജിയോമാര്‍ട്ടിനെ ആറു മാസത്തിനുള്ളില്‍ വാട്‌സാപ്പുമായി ബന്ധിപ്പിക്കുമെന്ന് റിപോര്‍ട്ട്. റീട്ടെയ്ല്‍, പലചരക്കു കച്ചവടം വിപുലപ്പെടുത്താനുള്ള റിലയന്‍സിന്റെ വലിയ പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കമെന്ന് ബിസിനസ് ദിനപത്രമായ ദി മിന്റ് റിപോര്‍ട്ട് ചെയ്യുന്നു. വാട്‌സാപ്പിനുള്ളില്‍ ജിയോ മാര്‍ട്ട് ലഭ്യമാകുന്നതോടെ യൂസര്‍മാര്‍ക്ക് ആപ്പ് വിടാതെ തന്നെ ഉല്‍പ്പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്യാനും പര്‍ചേസ് ചെയ്യാനും കഴിയുമെന്ന് റിപോര്‍ട്ട് പറയുന്നു. ഇതുസംബന്ധിച്ച് വാട്‌സാപ്പോ റിലയന്‍സോ പ്രതികരിച്ചിട്ടില്ല.
വാട്‌സാപ്പിന്റെ ഉടമസ്ഥരായ ഫെയ്‌സ്ബുക്ക് കഴിഞ്ഞ വര്‍ഷം ജിയോയില്‍ കോടികളുടെ നിക്ഷേപം നടത്തിയിരുന്നു. ഡിജിറ്റല്‍, റിട്ടെയ്ല്‍ രംഗങ്ങളിലായിരുന്നു ഈ നിക്ഷേപം. ഇന്ത്യന്‍ വിപണിയില്‍ യുഎസ് ടെക്ക്, ഇകൊമേഴ്‌സ് ഭീമനായ ആമസോണ്‍, യുഎസ് റീട്ടെയ്ല്‍ ഭീമനായ വാള്‍മാര്‍ട്ടിനു ഓഹരി പങ്കാളിത്തമുള്ള ഫ്‌ളിപ്കാര്‍ട്ട് എന്നിവരെ കടത്തി വെട്ടാനാണ് ജിയോയുടെ നീക്കങ്ങള്‍.
വാട്‌സാപ്പിന് 40 കോടിയോളം യൂസര്‍മാരാണ് ഇന്ത്യയില്‍ ഉള്ളത്. ജിയോ പ്ലാറ്റ്‌ഫോംസില്‍ ഫെയ്‌സ്ബുക്ക് 570 കോടി ഡോളര്‍ നിക്ഷേപിച്ച് 9.99 ശതമാനം ഓഹരി സ്വന്തമാക്കിയിരുന്നു. 2020 മേയിലാണ് റിലയന്‍സ് ജിയോമാര്‍ട്ട് അവതരിപ്പിച്ചത്. ഇന്ത്യയില്‍ 200 നഗരങ്ങളില്‍ പ്രവര്‍ത്തനം വിപുലപ്പെടുത്താനാണു പദ്ധതി.