കൊല്‍ക്കത്ത- പശ്ചിമ ബംഗാളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ മത്സരിക്കുമെന്ന് തൃണമൂല്‍ അധ്യക്ഷയും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി പ്രഖ്യാപിച്ചു. വിമതസ്വരമുയര്‍ത്തി തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന മുതിര്‍ന്ന നേതാവ് സുവേന്ദു അധികാരിയുടെ തട്ടകമാണ് നന്ദിഗ്രാം. നന്ദിഗ്രാമില്‍ നടന്ന പൊതുപരിപാടിയിലാണ് മമത പ്രഖ്യാപനം നടത്തിയത്. നന്ദിഗ്രാം തന്റെ ഭാഗ്യസ്ഥലമാണെന്നും അവര്‍ പറഞ്ഞു.
മൂന്നു പതിറ്റാണ്ട് നീണ്ട സിപിഎം ഭരണത്തെ അട്ടിമറിച്ച് 2012ല്‍ തൃണമൂല്‍ കോണ്‍ഗ്രസിന് അധികാരത്തിലേക്കുള്ള വഴി തുറന്നത് നന്ദിഗ്രാമിലുണ്ടായ കര്‍ഷക പ്രക്ഷോഭമായിരുന്നു. ഈ സമരത്തില്‍ സിപിഎമ്മിനെതിരെ മുന്‍നിരയിലുണ്ടായിരുന്ന നേതാവാണ് സുവേന്ദു. മമത സര്‍ക്കാരില്‍ മന്ത്രിയായിരുന്ന സുവേന്ദു ഒരു മാസം മുമ്പാണ് തൃണമൂല്‍ വിട്ട് ബിജെപിയിലേക്ക് ചേക്കേറിയത്. നന്ദിഗ്രാമില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ സുവേന്ദു വരികയാണെങ്കില്‍ ഏറ്റവും ശ്രദ്ധേയമായ മത്സരം നടക്കുന്ന മണ്ഡലമായി നന്ദിഗ്രാം മാറും.