പെരുമ്പാവൂര്‍- മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനായിരുന്നു ഭരതന്‍. കലാ സംവിധായകനായി സിനിമയില്‍ എത്തിയ ഭരതന്‍ പിന്നീട് സംവിധാനത്തിലേക്ക് കടക്കുകയായിരുന്നു. 1974ല്‍ പത്മരാജന്റെ തിരക്കഥയില്‍ 'പ്രയാണം' എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്രസംവിധായകനായി അദ്ദേഹം അരങ്ങേറ്റം കുറിക്കുന്നത്. ഭരതന്‍ നമ്മെ വിട്ടു പിരിഞ്ഞിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞുവെങ്കിലും അദ്ദേഹത്തിന്റെ രോഗാവസ്ഥ സൃഷ്ടിച്ച പ്രതിസന്ധി ഘട്ടത്തില്‍ തനിക്ക് താങ്ങായി നിന്ന നടനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഭാര്യയും നടിയുമായ കെപിഎസി ലളിത. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ഭരതന്റെ രോഗാവസ്ഥയില്‍ തന്നെ സഹായിച്ചത് ജയറാം ആയിരുന്നുവെന്ന് അവര്‍ പറഞ്ഞു. എല്ലാ കാര്യങ്ങള്‍ക്കും തനിക്കൊപ്പംനിന്ന ഒരാളായിരുന്നു ജയറാം എന്നാണ് നടി പറയുന്നത്. കെപിഎസി ലളിതയുടെ വാക്കുകള്‍ ഇങ്ങനെ...
'ഭരതേട്ടന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ജയറാം ഒത്തിരി സഹായിച്ചിട്ടുണ്ട്. ഒരിക്കല്‍ ഒരു ശനിയാഴ്ചയാണ് പറയുന്നത് ബുധനാഴ്ചയാണ് സര്‍ജറി. ഉടന്‍ തന്നെ ഒന്നര ലക്ഷം രൂപ കെട്ടണമെന്ന്. അങ്ങനെ ഞാന്‍ മുത്തൂറ്റ് ജോര്‍ജിനെ വിളിച്ചു. എങ്ങനെ എങ്കിലും തരപ്പെടുത്തി നല്‍കാം എന്ന് അദ്ദേഹം അറിയിച്ചു. ഈ സംഭവം ജയറാം അറിഞ്ഞതോടെ എന്നോട് പറഞ്ഞു ചേച്ചി ഓക്കെ പറഞ്ഞോളൂ, ചൊവ്വാഴ്ച ഞാന്‍ പണവുമായി വരും, ബുധനാഴ്ച ചേച്ചി ഓപ്പറേഷന്‍ ഫിക്‌സ് ചെയ്‌തോളാന്‍ പറഞ്ഞു. ജയറാം ആ സമയത്ത് പാരിസിലായിരുന്നു. അങ്ങനെ എല്ലാ കാര്യങ്ങള്‍ക്കും എനിക്കൊപ്പം നിന്ന ഒരാളാണ് ജയറാം'- കെപി എസി ലളിത പറഞ്ഞു.