ന്യൂദല്‍ഹി- ഇന്ത്യയുടെ 48-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് (ഐഎഫ്എഫ്‌ഐ)ജൂറി തെരഞ്ഞെടുത്ത രണ്ടു ചിത്രങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഏകപക്ഷീയമായി ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ പനോരമവിഭാഗം ജൂറി അധ്യക്ഷനായ പ്രമുഖ സംവിധായകന്‍ സുജോയ് ഘോഷ് സ്ഥാനം രാജിവെച്ചു.
മലയാള സിനിമ 'എസ് ദുര്‍ഗ' (സെക്‌സി ദുര്‍ഗ), മറാത്തി ചിത്രം 'ന്യൂഡ്' എന്നിവയാണ് ഒഴിവാക്കിയത്. കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് 13 അംഗ ജൂറിയില്‍നിന്ന് രാജിവെക്കുന്നതെന്ന് സുജോയ് ഘോഷ് പറഞ്ഞു. ഇന്ത്യന്‍ സാമൂഹ്യപശ്ചാത്തലത്തെ നിശിതമായി വിമര്‍ശിക്കുന്ന ചിത്രങ്ങളാണ് ഒഴിവാക്കിയത്.
അതിനിടെ, കേന്ദ്ര വാര്‍ത്താ പ്രക്ഷേപണമന്ത്രാലയത്തിന്റെ നടപടിക്കെതിരെ സെക്‌സി ദുര്‍ഗയുടെ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ സമര്‍പ്പിച്ച റിട്ട് ഹരജി കേരള ഹൈക്കോടതി ഫയലില്‍ സീകരിച്ചു. ചിത്രങ്ങള്‍ ഒഴിവാക്കിയതിനെക്കുറിച്ച് വിശദീകരണം നല്‍കാന്‍ ഹൈക്കോടതി വാര്‍ത്താപ്രക്ഷേപണ മന്ത്രാലയത്തിന് നോട്ടീസ് അയച്ചു. കേസ് നാളെ വീണ്ടും പരിഗണിക്കും.
ചിത്രത്തിന് 'സെക്‌സി ദുര്‍ഗ'എന്ന് പേരിട്ടതിനെ തുടര്‍ന്ന് സനല്‍കുമാര്‍ ശശിധരനും കുടുംബത്തിനുമെതിരെ സംഘപരിവാര്‍ രംഗത്തെത്തിയിരുന്നു. സെന്‍സര്‍ ബോര്‍ഡിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് സിനിമയുടെ പേര് 'എസ് ദുര്‍ഗ' എന്നാക്കിയതെന്ന് സനല്‍കുമാര്‍ പറഞ്ഞു. റോട്ടര്‍ഡാം മേളയില്‍ വിഖ്യാതമായ ടൈഗര്‍ പുരസ്‌കാരം ലഭിച്ച ആദ്യ ഇന്ത്യന്‍ ചിത്രമാണ് 'സെക്‌സി ദുര്‍ഗ'. മുംബൈയില്‍ നഗ്‌നചിത്രങ്ങള്‍ക്ക് മോഡലാകുന്ന പെണ്‍കുട്ടിയുടെ ജീവിതമാണ് മറാത്തി ചിത്രം ന്യൂഡിന്റെ പ്രമേയം.
ഐഎഫ്എഫ്‌ഐലേക്കുള്ള ചിത്രങ്ങളുടെ പട്ടിക മേള തുടങ്ങുന്നതിന് മൂന്നാഴ്ച മുമ്പെങ്കിലും പുറത്തുവിടാറാണ് പതിവ്. ഇക്കുറി പനോരമ വിഭാഗം ജൂറി സെപ്റ്റംബര്‍ 20 നാണ് അന്തിമപട്ടിക മന്ത്രാലയത്തിന് സമര്‍പ്പിച്ചത്. സിനിമകള്‍ അവസാന നിമിഷം ഒഴിവാക്കുന്നതിന്റെ ഭാഗമായി പട്ടിക പുറത്തുവിടുന്നത് മന്ത്രാലയം വൈകിപ്പിച്ചുവെന്ന് ആക്ഷേപമുണ്ട്. ഈ മാസം 20 മുതല്‍ 28 വരെ ഗോവയിലാണ് മേള.