ബെംഗളൂരു- ഹോട്ടലുടമയെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും ഹോട്ടലിലെ ജീവനക്കാരനായ കാമുകനും അറസ്റ്റില്‍. ബെന്നാര്‍ഗട്ടയിലെ ഹോട്ടലുടമ ശിവലിംഗ(46)യെ കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ ശോഭ(44) കാമുകന്‍ രാമു(45) എന്നിവര്‍ അറസ്റ്റിലായത്. ആറ് മാസം മുമ്പ് ശിവലിംഗയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. 2020 ജൂണ്‍ ഒന്നാം തീയതി ശിവലിംഗയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം സമീപത്തെ തോട്ടത്തില്‍ ഉപേക്ഷിച്ചു. ദിവസങ്ങള്‍ക്ക് ശേഷം അഴുകിയനിലയില്‍ മൃതദേഹം കണ്ടെടുത്തത്. എന്നാല്‍ ബന്ധുക്കള്‍ ആരും എത്താത്തതിനെ തുടര്‍ന്ന് പോലീസ് തന്നെ മൃതദേഹം സംസ്‌ക്കരിച്ചു.
രാമുവും ശോഭയും തമ്മിലുള്ള അടുപ്പം ശിവലിംഗ കണ്ടെത്തിയതാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. ശിവലിംഗയെ അന്വേഷിച്ചവരോട് വീട്ടില്‍ സൂക്ഷിച്ചിരുന്ന ഒന്നര ലക്ഷത്തോളം രൂപയുമായി നാടുവിട്ടെന്നാണ് ശോഭ പറഞ്ഞിരുന്നത്. പണം തീരുമ്പോള്‍ മടങ്ങിയെത്തുമെന്നും അവര്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെ ശിവലിംഗയുടെ സഹോദരന്‍ പോലീസില്‍ പരാതി നല്‍കാമെന്നും പറഞ്ഞെങ്കിലും ശോഭ പിന്തിരിപ്പിച്ചു.എന്നാല്‍ ഹോട്ടല്‍ ജീവനക്കാരനുമായി ശോഭ അടുപ്പത്തിലാണെന്ന് ബന്ധുക്കള്‍ മനസിലാക്കിയതാണ് കേസില്‍ വഴിത്തിരിവായത്. ശോഭയ്ക്ക് ഹോട്ടല്‍ ജീവനക്കാരനുമായുള്ള ബന്ധം അറിഞ്ഞതോടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി.
ശിവലിംഗ വീടിനടുത്ത റോഡരികില്‍ ഭക്ഷണശാല നടത്തിയിരുന്ന കാലം മുതല്‍ക്കെ രാമു സഹായിയായി ഒപ്പമുണ്ടായിരുന്നു. പിന്നീടാണ് ബെന്നാര്‍ഗട്ടയില്‍ ഹോട്ടല്‍ ആരംഭിച്ചത്. ഇതോടെ ശോഭയെയും രാമുവിനെയും ഏല്‍പ്പിച്ചു. ഈ സമയത്താണ് ഇവര്‍ തമ്മില്‍ അടുപ്പത്തിലായതെന്നാണ് പോലീസ് പറയുന്നത്.ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ശിവലിംഗ ബെന്നാര്‍ഗട്ടയില്‍നിന്ന് നാട്ടില്‍ മടങ്ങിയെത്തി. അപ്പോഴാണ് ഭാര്യയും ജീവനക്കാരനും തമ്മിലുള്ള ബന്ധമറിഞ്ഞത്. ഇതോടെ വീട്ടില്‍ വഴക്കും പതിവായി. ഇതേത്തുടര്‍ന്നാണ് ശിവലിംഗയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നാണ് പ്രതികളുടെ മൊഴി.