മാസ്റ്ററെത്തി, തിയേറ്ററുകളില്‍ ആഘോഷം 

ചെന്നൈ- മാസ്റ്റര്‍ സിനിമയുടെ പ്രത്യേക പ്രദര്‍ശനങ്ങള്‍ അനുവദിച്ചതിനാല്‍ പുലര്‍ച്ചെ 4 മണിക്ക് ആദ്യ ഷോ തുടങ്ങി. ചെന്നൈയിലെ തീയറ്ററുകളിലെ ആരാധകര്‍ തലേദിവസം രാത്രി മുതല്‍ ആഘോഷത്തില്‍ പങ്കെടുത്തു. തിരുനെല്‍വേലി, കോയമ്പത്തൂര്‍, സേലം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ആരാധകര്‍ രാത്രി മുതല്‍ തിയറ്ററുകളിലേക്ക് ഒഴുകിയെത്തി. കോയമ്പത്തൂരില്‍ ആരാധകര്‍ കേക്ക് മുറിച്ച് ആഘോഷത്തില്‍ പങ്കുചേര്‍ന്നു. കോവിഡ് നിയന്ത്രണങ്ങള്‍ കാരണം ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.
കോവിഡ് ലോക്ഡൗണിനുശേഷം കേരളത്തിലും തിയറ്ററുകള്‍ ഇന്നുമുതല്‍ തുറന്നു.  മാസ്റ്റര്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് തിയറ്ററുകള്‍ ബുധനാഴ്ച തുറന്നത്. സംസ്ഥാനത്തെ 670 സ്‌ക്രീനുകളില്‍ അഞ്ഞൂറെണ്ണത്തിലാകും ആദ്യദിനത്തില്‍ പ്രദര്‍ശനം. കോഴിക്കോട്ടും മറ്റും പോലീസെത്തി തിയേറ്ററുകളില്‍ പരിശോധന നടത്തി. 
അടുത്തയാഴ്ച മലയാളചിത്രമായ വെള്ളം ഉള്‍പ്പെടെയുള്ളവയുടെ റിലീസ് വരുന്നതോടെ കൂടുതല്‍ സ്‌ക്രീനുകളില്‍ പ്രദര്‍ശനമുണ്ടാകും. വലിയൊരു ഇടവേളയ്ക്കുശേഷം തിയേറ്ററുകള്‍ തുറക്കുമ്പോള്‍ ഒട്ടേറെ പ്രശ്‌നങ്ങളെ നേരിടാനുണ്ടായിരുന്നുവെന്ന് തിയേറ്റര്‍ ഉടമകള്‍ പറഞ്ഞു.
ഇത്രയുംകാലം അടച്ചിട്ടതിനാല്‍ തിയറ്ററുകളിലെ പ്രൊജക്ടര്‍, ജനറേറ്റര്‍, എ.സി. തുടങ്ങിയവയെല്ലാം മിക്കയിടങ്ങളിലും കേടായനിലയിലായിരുന്നു. എ.സി. തിയേറ്ററുകളുടെ ഭിത്തിയും സീറ്റുകളും പൂപ്പല്‍പിടിച്ചു. വീണ്ടും തിയേറ്റര്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ മൂന്നുലക്ഷംമുതല്‍ അഞ്ചുലക്ഷം രൂപവരെ ചെലവായതായി തിയേറ്റര്‍ ഉടമകളുടെ സംഘടനായ ഫിയോക് ചൂണ്ടിക്കാട്ടുന്നു.
എല്ലാ തിയറ്ററിലും അമ്പതുശതമാനം കാണികളെ മാത്രമാകും പ്രവേശിപ്പിക്കുക. ഇതിനായി ഒന്നിടവിട്ട സീറ്റുകളില്‍ ഇരിക്കുംവിധം ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. ജീവനക്കാര്‍ക്കും കാണികള്‍ക്കും ഗ്ലൗസും സാനിറ്റൈസറും നല്‍കാനും സജ്ജീകരണമായി.
ജനങ്ങള്‍ തിയേറ്ററിലേക്കു എത്രയെത്തുമെന്ന കാര്യത്തില്‍ വ്യക്തമായ ചിത്രമായിട്ടില്ല. മലയാള ചിത്രങ്ങള്‍ കൂടുതലായി എത്തുമ്പോഴായിരിക്കും കാണികളുടെ യഥാര്‍ഥനിലപാട് വ്യക്തമാകുകയെന്ന് തിയേറ്റര്‍ ഉടമകള്‍ പറയുന്നു. മുഖ്യമന്ത്രി തന്ന ഉറപ്പുകളില്‍ വിശ്വസിച്ചാണ് തിയേറ്ററുകള്‍ തുറക്കുന്നതെന്നും ഉടമകള്‍ പറയുന്നു.
 

Latest News