ചെന്നൈ- ബെംഗളൂരു മയക്കുമരുന്ന് കേസിലെ പ്രതിയും നടന്‍ വിവേക് ഒബ്‌റോയിയുടെ ഭാര്യ പ്രിയങ്ക ആല്‍വയുടെ സഹോദരനുമായ ആദിത്യ ആല്‍വ ചെന്നൈയില്‍ അറസ്റ്റില്‍. ആറാം പ്രതിയായ ആദിത്യ സെപ്തംബര്‍ മുതല്‍ ഒളിവിലായിരുന്നു. ചെന്നൈയിലെ ഒരു ആഡംബര ഹോട്ടലില്‍ നിന്ന് കഴിഞ്ഞ ദിവസം രാത്രിയോടെയാണ് അറസ്റ്റിലായത്. കര്‍ണാടക ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് സംവിധായകനായ ഇന്ദ്രജിത് ലങ്കേഷ് അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയ പേരുകളില്‍ ആദിത്യ ആല്‍വയുമുണ്ടായിരുന്നു. കര്‍ണാടക മുന്‍ മന്ത്രി ജീവരാജ് ആല്‍വയുടെ മകനാണ് ആദിത്യ ആല്‍വ. ഇയാള്‍ ഒളിവില്‍ പോയതിനെ തുടര്‍ന്ന് ബെംഗളൂരു പോലീസ് വിവേക് ഒബറോയിയുടെ മുംബൈയിലെ വസതിയില്‍ ഉള്‍പ്പെടെ തിരച്ചില്‍ നടത്തിയിരുന്നു. സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടയില്‍ ലഹരിക്കടത്ത് ഉയര്‍ന്നുവന്നതിനെ തുടര്‍ന്നാണ് എന്‍സിബി കന്നഡ സിനിമാ ലോകത്തെ ലഹരി ഇടപാടുകളെക്കുറിച്ചും അന്വേഷിച്ചത്. കേസുമായി ബന്ധപ്പെട്ട് നടിമാരായ സഞ്ജന ഗല്‍റാണി, രാഗിണി ദ്വിവേദി എന്നിങ്ങനെ പന്ത്രണ്ട് പേരേ പേരെ അറസ്റ്റു ചെയ്തിരുന്നു. ബെംഗളൂരുവില്‍ നടത്തിയ റെയ്ഡില്‍ 1.25 കോടിയുടെ മയക്കുമരുന്നാണ് പോലീസ് പിടിച്ചെടുത്തത്.