ന്യൂദല്‍ഹി- ദല്‍ഹിയിലും പഞ്ചാബിലുമായി സമ്പന്നരുടെ വീടുകളില്‍ മോഷണം നടത്തി പണം പാവങ്ങള്‍ക്കു വേണ്ടി ചെലവഴിക്കുകയും വിലയേറിയ കാറുകള്‍ വാങ്ങാന്‍ ഉപയോഗിക്കുകയും ചെയ്യുന്ന മോഷ്ടാവിനെ ദല്‍ഹി പോലീസ് പിടികൂടി. സ്വന്തം നാടായ ബിഹാറിലെ സിതാമഡി ജില്ലാ പരിഷത്തിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ഒരുക്കത്തിലായിരുന്നു പിടിയിലായ മോഷ്ടാവ് മുഹമ്മദ് ഇര്‍ഫാന്‍. ആഢംബര കാറായ ജാഗ്വാറും നിസാന്റെ രണ്ടു വലിയ കാറുകളും ഇയാളില്‍ നിന്നും പോലീസ് പിടിച്ചെടുത്തു. ഇവയും മോഷണത്തിലൂടെ ലഭിച്ച പണം ഉപയോഗിച്ച് വാങ്ങിയതായിരുന്നു. പാവങ്ങളുടെ രക്ഷന്‍ എന്ന പേരുസമ്പാദിക്കാനായി മോഷ്ടിച്ച പണം ഉപയോഗിച്ച് നാട്ടില്‍ പല ചാരിറ്റി പ്രവര്‍ത്തനങ്ങളും നടത്തിവരികയായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു. സംഭാവനകള്‍ നല്‍കുന്നതിനു പുറമെ ആരോഗ്യ ക്യാമ്പുകളും ഇര്‍ഫാന്റെ സംഘം സംഘടിപ്പിച്ചിട്ടുണ്ട്. ബിഹാറിലെ ജനീകയ യുവ നേതാവായി ഉയര്‍ന്നു വരാനായിരുന്നു ഇര്‍ഫാന്റെ ലക്ഷ്യമെന്ന് പോലീസ് പറഞ്ഞു.
രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് രണ്ടു ദിവസം മുമ്പ് പടിഞ്ഞാറന്‍ ദല്‍ഹിയിലെ നരൈന ഫ്‌ളൈഓവറില്‍ വച്ചാണ് ഇര്‍ഫാനെ പിടികൂടിയതെന്ന് ക്രൈം ബ്രാഞ്ച് ഡിസിപി മോനിക്ക ഭരദ്വാജ് പറഞ്ഞു.
സമ്പന്നര്‍ താമസിക്കുന്ന പ്രദേശങ്ങളിലെ അടഞ്ഞു കിടക്കുന്ന വീടുകളില്‍ മാത്രമാണ് തന്റെ സംഘം മോഷണം നടത്താറുള്ളതെന്നും പണവും ആഭരണങ്ങളും മാത്രമെ എടുക്കാറുള്ളൂവെന്നും ചോദ്യം ചെയ്യലില്‍ ഇര്‍ഫാന്‍ വെളിപ്പെടുത്തി. ഇര്‍ഫാന്റെ അറസ്റ്റിനു പിന്നാലെ പഞ്ചാബിലെ ജലന്ദറില്‍ ഇയാളുടെ മൂന്ന് സഹായികളേയും പിടികൂടി. ദല്‍ഹിക്കും പഞ്ചാബിനും പുറമെ മറ്റു പലയിടത്തും പ്രതികള്‍ മോഷണം നടത്തിയിട്ടുണ്ട്. ഫ്രഞ്ചു നിര്‍മിത രണ്ടു പിസ്റ്റളുകളും ആഭരണങ്ങളും പ്രതികളില്‍ നിന്ന് കണ്ടെടുത്തു.