ഞങ്ങള്‍ തൊണ്ട പൊട്ടി പാടി;അവര്‍ പണമുണ്ടാക്കി
ദോഹ- തങ്ങളെ പോലുളള ഗായകര്‍ തൊണ്ടപൊട്ടി പാടിയ ഗാനങ്ങള്‍ പിന്നീട് മറ്റു പലരുടെയും സാമ്പത്തിക നേട്ടത്തിനു ഉപാധിയായി മാറിയെന്ന് തെന്നിന്ത്യയിലെ മുതിര്‍ന്ന ഗായികമാരായ പി. സുശീലയും വാണിജയറാമും പറഞ്ഞു.
ഗാനങ്ങളുടെ റോയല്‍റ്റി നിര്‍മാതാവിന് പുറമെ ഗായകര്‍ക്കും ഗാനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നും അവര്‍ വ്യക്തമാക്കി. അലി ഇന്റര്‍നാഷണല്‍ ഇരുപത്തിയഞ്ചാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ഇരുവരും ഇന്ത്യന്‍ മീഡിയാ ഫോറം ഖത്തര്‍ സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു.
താന്‍ ആദ്യമായാണ് ഇത്തരമൊരു വിഷയം സമൂഹത്തിന് മുമ്പാകെ ഉന്നയിക്കുന്നതെന്ന് പി സുശീല പറഞ്ഞു. തങ്ങളുടെ ആവശ്യം അംഗീകരിക്കാന്‍ന്‍ തയ്യാറാകണമെന്നും ഇക്കാര്യത്തില്‍ സമൂഹത്തിന്റെ പിന്തുണ ആവശ്യമുണ്ടെന്നും അവര്‍ പറഞ്ഞു.
ലക്ഷക്കണക്കിന് ആരാധകര്‍ തങ്ങളുടെ പാട്ടുകള്‍ മൂളി നടകുകയും നിരവധി വേദികളില്‍ ആലപിക്കപ്പെടുകയും ചെയ്യുന്നുണ്ടെങ്കിലും തങ്ങള്‍ക്ക് അതിന്റെ ഗുണം ലഭിക്കുന്നില്ല.
പഴയ കാലത്ത് വളരെ ചെറിയ പ്രതിഫലത്തിനാണ് ഗാനങ്ങള്‍ ആലപിച്ചത്. അന്ന് 250 മുതല്‍ 500 രൂപയായിരുന്നു പ്രതിഫലമായി ലഭിച്ചിരുന്നത്. എന്നാല്‍ ലക്ഷക്കണക്കിന് പേരാണ് തങ്ങളുടെ ഗാനങ്ങളുടെ ആരാധകരായി ഉളളത്.
ഗാനങ്ങള്‍ കേട്ട് ആരാധന തോന്നുന്ന ആളുകള്‍ തങ്ങളോടൊപ്പംനിന്ന് ഫോട്ടോയെടുക്കാന്‍ വരും. എന്നാല്‍ തങ്ങള്‍ക്ക് യാതൊരു നേട്ടവും പഴയകാല പാട്ടുകളിലൂടെ ഉണ്ടാവുന്നില്ലെന്നും അവര്‍ പറഞ്ഞു. ഇന്ത്യന്‍ മീഡിയാ ഫോറം പ്രസിഡന്റ് ആര്‍. റിന്‍സ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മുജീബുറഹ്മാന്‍ കരിയാടന്‍ സ്വാഗതവും സെക്രട്ടറി മുജീബുററഹ്മാന്‍ ആക്കോട് നന്ദിയും പറഞ്ഞു. ഇരുവര്‍ക്കുമുളള ഇന്ത്യന്‍ മീഡിയ ഫോറം ഉപഹാരം ഭാരവാഹികള്‍ കൈമാറി.