ന്യൂദൽഹി- കർഷകരുമായി കേന്ദ്രസർക്കാർ നടത്തിയ എട്ടാമത്തെ ചർച്ചയും പരാജയപ്പെട്ടു. മൂന്ന് നിയമങ്ങളും പിൻവലിക്കണമെന്ന ആവശ്യത്തിൽ കർഷക സംഘടനകൾ ഉറച്ചുനിന്നു. വിഷയം സർക്കാർ മനപൂർവ്വം നീട്ടിക്കൊണ്ടുപോവുകയാണെന്നും കർഷകർ ആരോപിച്ചു. അടുത്ത പതിനഞ്ചിന് വീണ്ടും ചർച്ച നടത്തും. ശക്തമായി സമരം തുടരുമെന്നും കർഷകർ വ്യക്തമാക്കി.
പതിവിൽ നിന്നും വ്യത്യസ്തമായി പ്ലക്കാർഡുകളേന്തിയാണ് കർഷകർ ചർച്ചയ്‌ക്കെത്തിയത്. ' ഇവിടെ ജയിക്കും, അല്ലെങ്കിൽ ഇവിടെ മരിക്കും'; എന്ന് പ്ലക്കാർഡിൽ എഴുതിയിരുന്നു. നിയമം പിൻവലിച്ചാൽ മാത്രമെ സമരം നിർത്തി തിരിച്ചുപോകുവെന്നും കർഷകർ വ്യക്തമാക്കി. നിയമം പിൻവലിക്കുമോ എന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കാതെ സംസാരിക്കില്ലെന്ന് പറഞ്ഞ കർഷകർ മൗനമാചരിക്കുകയും ചെയ്തു.