വാഷിങ്ടണ്‍- യുഎസ് പാര്‍ലമെന്റ് മന്ദിരത്തില്‍ അതിക്രമം നടത്താന്‍ തീവ്രവാദികളെ ഇളക്കിവിട്ടതിന് പ്രസിഡന്റ് ഡൊനള്‍ഡ് ട്രംപിന് ഫെയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രാമും അനിശ്ചിതകാലത്തേക്ക് വിലക്കേര്‍പ്പെടുത്തി. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനെതിരെ കലാപം ഇളിക്കിവിടാന്‍ തങ്ങളുടെ പ്ലാറ്റ് ഫോം ഉപയോഗിച്ചതിനാല്‍ 24 മണിക്കൂര്‍ നേരത്തേക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് അനിശ്ചിത കാലത്തേക്ക് നീട്ടിയതായി ഫെയ്‌സ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് വ്യക്തമാക്കി.
പ്രസിഡന്റ് കാലാവധി പൂര്‍ത്തിയാക്കുന്നതു വരെ ട്രംപിനെ ഫെയ്‌സബുക്കിലും ഇന്‍സ്റ്റഗ്രാമിലും തുടരാന്‍ അനുവദിക്കുന്നത് അപകടരമാണെന്ന് കരുതുന്നു. അതുകൊണ്ട് ചുരുങ്ങിയത് അടുത്ത രണ്ടാഴ്ചത്തേക്കെങ്കിലും, സമാധാനപരമായ അധികാരമാറ്റം പൂര്‍ത്തിയാകുന്നതു വരെ ട്രംപിന്റെ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തിരിക്കുകയാണെന്ന് സക്കര്‍ബര്‍ഗ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
ട്രംപ് ഏറ്റവുമധികം ആശ്രയിക്കുന്ന ട്വിറ്റര്‍ അദ്ദേഹത്തെ 12 മണിക്കൂര്‍ നേരത്തേക്ക് വിലക്കിയിരുന്നു. ഈ വിലക്ക് നീട്ടുമോ എന്നു വ്യക്തമല്ല. സ്‌നാപ്ചാറ്റും ട്രംപിന് വിലക്കേര്‍പ്പെടുത്തിയിരുന്നു.