Sorry, you need to enable JavaScript to visit this website.

സ്വര്‍ണ മെഡല്‍ സസ്യഭുക്കുകള്‍ക്ക് മാത്രം; സര്‍വകലാശാല തിരുത്തി 

പൂനെ- സ്വര്‍ണ മെഡല്‍ ലഭിക്കണമെങ്കില്‍ സസ്യഭുക്കും ദുരാചാര മുക്തനുമായിരിക്കണമെന്ന നിബന്ധന പൂനെയിലെ സാവിത്രിബായ് ഫുലെ യൂനിവേഴ്‌സിറ്റി പിന്‍വലിച്ചു. ഇതു സംബന്ധിച്ച സര്‍ക്കുലര്‍ വിവാദമായതിനെ തുടര്‍ന്നാണ് പത്ത് വര്‍ഷമായി തുടര്‍ന്നുപോരുന്ന നിബന്ധന ഒഴിവാക്കിയത്. സര്‍ക്കുലറിനെതിരെ ശിവസേനയും എന്‍.സി.പിയും രംഗത്തുവന്നിരുന്നു. 
വിവിധ കോണുകളില്‍നിന്നുയര്‍ന്ന എതിര്‍പ്പുകള്‍ കണക്കിലെടുത്ത് പത്ത് വര്‍ഷം മുമ്പത്തെ സര്‍ക്കുലര്‍ പിന്‍വലിക്കുകയാണെന്ന് വാഴ്‌സിറ്റി രജിസ്ട്രാര്‍ അരവിന്ദ് ഷാലിഗ്രാം വാര്‍ത്താ ലേഖകരോട് പറഞ്ഞു. മെഡല്‍ ഏര്‍പ്പെടുത്തിയ ഷേലാര്‍ കുടുംബത്തോട് സസ്യാഹാരിയായിരിക്കണമെന് നിബന്ധന ഒഴിവാക്കാന്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
അവര്‍ സമ്മതിക്കുന്നില്ലെങ്കില്‍ ഷേലാര്‍ ഫാമിലി എന്‍ഡോവ്‌മെന്റ് ഏര്‍പ്പെടുത്തിയ സ്വര്‍ണ മെഡല്‍ ഉപേക്ഷിക്കേണ്ടി വരും. സര്‍വകലാശാലയില്‍ വേറേയും നിരവധി സ്വര്‍ണ മെഡലുകള്‍ ഉണ്ടെന്നും അവ നല്‍കുന്ന ആരും തന്നെ ഇത്തരം നിബന്ധന വെച്ചിട്ടില്ലെന്നും രജിസ്ട്രാര്‍ പറഞ്ഞു. സയന്‍സ് ഫാക്കല്‍റ്റിയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടുന്ന രണ്ട് വിദ്യാര്‍ഥികള്‍ക്ക് സ്വര്‍ണ മെഡല്‍ നല്‍കുന്നതിന് ഷേലാര്‍ കുടുംബം 1,20,000 രൂപയുടെ എന്‍ഡോവ്‌മെന്റ് ലഭിച്ചതിനെ തുടര്‍ന്നാണ് 2006-ല്‍ വിവാദ സര്‍ക്കുലര്‍ പുറത്തിറക്കിയത്. പച്ചക്കറി മാത്രം കഴിക്കുന്നവരും ദുര്‍മാര്‍ഗികളാകരുതെന്നും അന്ന് ഏര്‍പ്പെടുത്തിയ നിബന്ധന ഇപ്പോഴാണ് വിവാദമായതും രാഷ്ട്രീയ പാര്‍ട്ടികളും മറ്റും ഇടപെട്ടതും. 
ജീവിതത്തില്‍ ഇന്ത്യന്‍ സംസ്‌കാരം പിന്തുടരണമെന്നും ധ്യാനവും യോഗയും ആചരിക്കണമെന്നും കലാ പ്രവര്‍ത്തനങ്ങളില്‍ കഴിവു തെളിയിക്കണമെന്നും എയിഡ്‌സ് ബോധവല്‍ക്കരണ പരിപാടിയില്‍ പങ്കെടുത്തിരിക്കണമെന്നുമാണ് മറ്റു നിബന്ധനകള്‍. 
 ഇതുവരെ സ്വര്‍ണ മെഡല്‍ നേടിയവര്‍ പച്ചക്കറി മാത്രം കഴിക്കുന്നവരാണെന്ന് എങ്ങനെ ഉറപ്പുവരുത്തിയെന്ന ചോദ്യത്തിന് അപേക്ഷയില്‍ അന്വേഷിക്കുമെന്നും അഭിമുഖത്തില്‍ ചോദിക്കുമെന്നുമായിരുന്നു രജിസ്ട്രാറുടെ മറുപടി. എന്നാല്‍ ഇത് എത്രമാത്രം ആധികാരികമായിരിക്കുമെന്ന് അദ്ദേഹത്തിനും ഉറപ്പില്ല. 
സര്‍ക്കുലര്‍ വിവേചനപരമാണെന്നും യൂനിവേഴ്‌സിറ്റിക്കെതിരെ പ്രക്ഷോഭം ആരംഭിക്കുമെന്നും നിരവധി സംഘടനകളും വ്യക്തികളും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് ഒരു യൂനിവേഴ്‌സറ്റിയാണോ റസ്‌റ്റോറന്റാണോ എന്നാണ് യുവസേന പ്രസിഡന്റ് ആദിത്യ താക്കറെ ചോദിച്ചത്. എന്തു ഭക്ഷണം കഴിക്കണമെന്ന് നിര്‍ബന്ധിക്കാന്‍ യൂനിവേഴ്‌സിറ്റിക്കോ സര്‍ക്കാരിനോ അവകാശമില്ലെന്നും യൂനിവേഴ്‌സിറ്റി വിദ്യാഭ്യാസത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 
ഭക്ഷണമല്ല, വിദ്യാഭ്യാസത്തിന്റെ കാര്യം നോക്കൂ എന്നാണ് എന്‍.സി.പി നേതാവും എം.പിയുമായ സുപ്രിയ സൂലേയുടെ ട്വീറ്റ്.
 

Latest News