തിരുവനന്തപുരം- യുവാവ് വീടിനുള്ളില്‍ അതിക്രമിച്ചു കയറിയ സംഭവത്തില്‍ പ്രതികരണവുമായി നടി അഹാന കൃഷ്ണ. വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ആള്‍ തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും വാതില്‍ ചവിട്ടി തുറക്കാന്‍ ശ്രമിച്ചുവെന്നും അഹാന ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിയിലൂടെ വ്യക്തമാക്കി. എന്റെ ആരാധകനാണെന്നും നേരില്‍ കാണണമെന്നുമായിരുന്നു അയാള്‍ ആദ്യം പറഞ്ഞത്. എന്നാല്‍ അടച്ചിട്ട ഗേറ്റിലൂടെ അയാള്‍ ചാടിക്കടക്കാന്‍ ശ്രമിച്ചു. മാന്യമായ ലക്ഷ്യങ്ങള്‍ ഉള്ള ഒരാള്‍ അടച്ചിട്ട ഗേറ്റ് വഴി ഒരു വീട്ടില്‍ അതിക്രമിച്ച് കയറില്ല. ഗേറ്റ് ചാടിക്കടന്ന സമയം വീടിന്റെ വാതില്‍ അടച്ചത് കാരണം കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടായില്ല. അയാളോട് പുറത്ത് പോകാന്‍ ആവശ്യപ്പെട്ടപ്പോള്‍ വരാന്തയില്‍ ഇരുന്നു. ഫോണില്‍ ഉച്ചത്തില്‍ പാട്ടുകള്‍ കേള്‍പ്പിക്കാന്‍ തുടങ്ങി. പോലീസ് 15 മിനിറ്റിനുള്ളില്‍ തന്നെ സ്ഥലത്തെത്തി. സമയയോചിതമായി ഇടപെട്ട ആള്‍ കുഞ്ഞനുജത്തി ഹന്‍സിക ആയിരുന്നു. മുകള്‍ നിലയില്‍ നിന്നും താഴേക്കോടിയിറങ്ങി വാതില്‍ അകത്തു നിന്നും പൂട്ടിയത് ഹന്‍സികയാണ്. വാതില്‍ പൂട്ടിയതും സെക്കന്‍ഡുകള്‍ക്കുള്ളില്‍ അയാള്‍ ആ വാതില്‍ തുറക്കാന്‍ ശ്രമിച്ചു. അവളെ ഇത്രയും ധൈര്യശാലിയായി വളര്‍ത്തിയെടുത്തതില്‍ അഭിമാനം തോന്നുന്നു. അവളുടെ സ്ഥാനത്ത് ഞാനായിരുന്നുവെങ്കില്‍ ഇതുപോലെ ചെയ്യുമോ എന്നറിയില്ല.'' സംഭവങ്ങളെ രാഷ്ട്രീയവത്ക്കരിക്കരുതെന്നും അഹാന അഭ്യര്‍ഥിച്ചു. അയാള്‍ എവിടെ നിന്നും വന്നെന്നോ, അയാളുടെ പേരെന്തെന്നോ വിഷയല്ല. എന്നാല്‍ അത്തരം പ്രവര്‍ത്തികള്‍ സ്വീകാര്യമല്ലെന്നും അഹാന കൂട്ടിച്ചേര്‍ത്തു. അഹാന മറ്റൊരിടത്ത് ഐസൊലേഷനില്‍ കഴിയുന്നതിനിടയിലാണ് സംഭവം.