ചെന്നൈ- തിയറ്ററുകളില്‍ മുഴുവന്‍ സീറ്റുകളിലും ആളുകളെ അനുവദിക്കാനുള്ള തമിഴ്‌നാട് സര്‍ക്കാറിന്റെ തീരുമാനത്തിനെതിരെ കൂടുതല്‍ ഡോക്ടര്‍മാര്‍ രംഗത്ത്. സോഷ്യല്‍മീഡിയയിലും സര്‍ക്കാറിന്റെ നീക്കത്തിനെതിരെ പ്രതിഷേധമുയര്‍ന്നു. കോവിഡ് മഹാമാരി പൂര്‍ണമായി ഇല്ലാതായിട്ടില്ലെന്നും രോഗം കാരണം ആളുകള്‍ മരിക്കുന്ന സാഹചര്യമുണ്ടെന്നും ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു.ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കുന്നതാണ് സര്‍ക്കാര്‍ തീരുമാനമെന്നും അഭിപ്രായമുയര്‍ന്നു. നടന്‍ വിജയ്ക്ക് തുറന്ന കതതെഴുതിയവരുമുണ്ട്. ആരോഗ്യമേഖലയിലെ വിദഗ്ധരും സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രംഗത്തുവന്നു. നടന്‍ വിജയ് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് തിയറ്ററുകള്‍ തുറക്കാന്‍ തീരുമാനിച്ചത്. തന്റെ പുതിയ ചിത്രമായ മാസ്റ്ററിന്റെ റിലീസുമായി ബന്ധപ്പെട്ടാണ് വിജയ് മുഖ്യമന്ത്രിയെ കണ്ടത്. കോഴിക്കോടുള്‍പ്പെടെ കേരളത്തിലെ നഗരങ്ങളിലും വിജയ് ഫാന്‍സ് ആവേശത്തിലാണ്. തിയേറ്റര്‍ ഏതാണെന്ന് ഉറപ്പായില്ലെങ്കിലും മാസ്റ്റര്‍ പോസ്റ്ററുകള്‍ ഫാന്‍സ് വ്യാപകമായി പതിച്ചിട്ടുണ്ട്.