കൊല്‍ക്കത്ത- തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എയും സംസ്ഥാന കായിക സഹമന്ത്രിയുമായ ലക്ഷ്മി രത്തന്‍ ശുക്ല പദവിയില്‍ നിന്ന് രാജിവച്ചു. ക്രിക്കറ്റ് കരിയറില്‍ തുടരാനാണു തീരുമാനമെന്ന് മുന്‍ ബാറ്റ്‌സ്മാന്‍ കൂടിയായ ലക്ഷ്മി രത്തന്‍ അറിയിച്ചു. 2016ലെ തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് അദ്ദേഹം രാഷ്ട്രീയത്തിലെത്തിയത്. ഹൗറ നോര്‍ത്ത് മണ്ഡലത്തില്‍ നിന്നു ജയിച്ചു. രാഷ്ട്രീയം വിടുകയാണെന്നും വീണ്ടും ക്രിക്കറ്റിലേക്കു തന്നെ മടങ്ങാന്‍ ആഗ്രഹിക്കുന്നുവെന്നും അറിയിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് അദ്ദേഹം കത്തെഴുതി. പാര്‍ട്ടിയിലേയും സര്‍ക്കാരിലേയും എല്ലാ പദവികളില്‍ നിന്നും ഒഴിവാക്കിത്തരണമെന്നും അദ്ദേഹം അപേക്ഷിച്ചു.
രാജി സ്വീകരിക്കാന്‍ ഗവര്‍ണറോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി മമത പറഞ്ഞു. 'ലക്ഷ്മി ഒരു നല്ല കുട്ടിയാണ്. ഒരു തെറ്റിദ്ധാരണയും ഇല്ല'- മമത പറഞ്ഞു. മന്ത്രിയായ ലക്ഷ്മി രത്തന് ഈയിടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഹൗറ അര്‍ബന്‍ ജില്ലയുടെ ചുമതല കൂടി പാര്‍ട്ടി ഏല്‍പ്പിച്ചിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുതിര്‍ന്ന മന്ത്രിയും തൃണമൂല്‍ നേതാവുമായിരുന്ന സുവേന്ദു അധികാരി പാര്‍ട്ടി വിട്ട് ബിജെപിയിലേക്ക് ചേക്കേറിയതിന് പിന്നാലെയാണ് ലക്ഷ്മി രത്തനും മന്ത്രി സഭയും പാര്‍ട്ടിയും വിടുന്നത്. ഇത് കൂടുതല്‍ അഭ്യൂഹങ്ങള്‍ക്കിടയാക്കി. മമതയുടെ വിക്കറ്റ് ഓരോ ദിവസവും വീണു കൊണ്ടിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് പരിഹസിച്ചു. മമതയുടെ കൂടെ പ്രാതല്‍ കഴിക്കാന്‍ കൂടെയുള്ളവര്‍ ഉച്ചയ്ക്കു ശേഷം പാര്‍ട്ടി വിട്ടു പോകുകയാണെന്നും അദ്ദേഹം പരിഹസിച്ചു.