കുന്ദംകുളം-പരസ്യത്തില്‍ പറഞ്ഞ പോലെ ഹെയര്‍ ഓയില്‍ ഉപയോഗിച്ചിട്ട് മുടി വളര്‍ന്നില്ലെന്ന ഉപഭോക്താവിന്റെ പരാതിയില്‍ നടന്‍ അനൂപ് മേനോന് പിഴ. തൃശൂര്‍ വൈലത്തൂര്‍ സ്വദേശിയായ ഫ്രാന്‍സിസ് വടക്കന്റെ പരാതിയിലാണ് ഉപഭോകൃത തര്‍ക്കപരിഹാര കമ്മീഷന്‍ അനൂപ് മേനോനും ധാത്രിക്കുമെതിരെ പിഴ ചുമത്തിയിരിക്കുന്നത്. ഹെയര്‍ ഓയില്‍ വിറ്റ വൈലത്തൂരിലെ എ വണ്‍ മെഡിക്കല്‍സ് ഉടമ മൂവായിരം രൂപയും പിഴ അടക്കണം. പിഴത്തുകകള്‍ ഹര്‍ജിക്കാരനായ ഫ്രാന്‍സിസ് വടക്കന് നല്‍കാനാണ് കോടതി ഉത്തരവ്. ധാത്രി ഉപയോഗിച്ചിട്ട് ഫലമുണ്ടാകാത്തതിനെ തുടര്‍ന്നാണ് കമ്പനിക്കെതിരെ ഫ്രാന്‍സിസ് വടക്കന്‍ നോട്ടീസ് അയച്ചത്. ഇതോടെ ധാത്രി പരസ്യം ഒഴിവാക്കി. എന്നാല്‍ നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാകാത്തതോടെ നിയമനടപടി സ്വീകരിക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് അനൂപ് മേനോനെ വിസ്തരിച്ചിരുന്നു.അമ്മ കാച്ചിത്തരുന്ന എണ്ണയാണ് താന്‍ ഉപയോഗിക്കാറ്, ധാത്രി ഉപയോഗിച്ചിട്ടില്ല എന്നായിരുന്നു താരം പറഞ്ഞത്. നേരത്തെ ഇന്ദുലേഖ സോപ്പ് ഉപയോഗിച്ചാല്‍ സൗന്ദര്യം വര്‍ദ്ധിക്കുമെന്ന മമ്മൂട്ടിയുടെ പരസ്യത്തിന് നേരെയും കോടതി നടപടി സ്വീകരിച്ചിരുന്നു. 2013ല്‍ ആയിരുന്നു ഇത് .മമ്മൂട്ടിയുടെ പരസ്യം കേട്ട് ഒരു വര്‍ഷത്തോളം ഇന്ദുലേഖ സോപ്പ് ഉപയോഗിച്ച് വഞ്ചിക്കപ്പെട്ടു എന്നായിരുന്നു പരാതി. 50000 രൂപയും മറ്റ് ചെലവുകളും നല്‍കണമെന്നായിരുന്നു ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. ഒടുവില്‍ ഇന്ദുലേഖ കമ്പനി 30000 രൂപ കൊടുത്താണ് കേസ് ഒതുക്കി തീര്‍ത്തത്.