ബെയ്ജിങ്- ചൈനീസ് സര്‍ക്കാരിനേയും സര്‍ക്കാര്‍ നിയന്ത്രിത ബാങ്കുകളേയും വിമര്‍ശിച്ചതിനു പിന്നാലെ അപ്രത്യക്ഷനായ ചൈനീസ് ശതകോടീശ്വരനും അലിബാബ സ്ഥാപകനുമായ ജാക്ക് മായെ കുറിച്ച് രണ്ടു മാസമായി ഒരു വിവരവുമില്ല. ജാക്ക് മാ ഇപ്പോള്‍ എവിടെയാണെന്നതിനെ കുറിച്ച് വ്യാപകമായി അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. അദ്ദേഹത്തിന്റെ കമ്പനികളായ ഇ-കൊമേഴ്‌സ് ഭീമന്‍ അലിബാബയ്ക്കും ഫിന്‍ടെക്ക് കമ്പനിയായ ആന്റ് ഗ്രൂപ്പിനുമെതിരെ ചൈനീസ് അധികൃതര്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചു വരികയാണ്. ജാക്ക് മായുടെ സ്വന്തം ടിവി ഷോയായ ആഫ്രിക്കാസ് ബിസിസന് ഹീറോസ് എന്ന പരിപാടിയിലും അദ്ദേഹം ഇപ്പോള്‍ പ്രത്യക്ഷപ്പെടുന്നില്ല. സമൂഹ മാധ്യമങ്ങിലും കാണാനില്ല. ഒക്ടോബര്‍ 10നാണ് ജാക്ക് മായുടെ അവസാന ട്വീറ്റ് വന്നത്.
ഷാങ്ഹായില്‍ നടന്ന ഒരു സമ്മേളനത്തില്‍ ജാക്ക് മാ ചൈനയില്‍ നിലവിലുള്ള സാമ്പത്തിക നിയന്ത്രണങ്ങളെ വിമര്‍ശിച്ചിരുന്നു. വയസ്സന്‍മാരുടെ ക്ലബ് എന്നാണ് ജാക്ക് മാ ചൈനീസ് അധികാരികളെ വിശേഷിപ്പിച്ചതെന്നും പഴഞ്ചന്‍ രീതികളുപയോഗിച്ച് ഭാവിയെ നിയന്ത്രിക്കാനാവില്ലെന്നും ജാക്ക് മാ അഭിപ്രായപ്പെട്ടതായി റിപോര്‍ട്ടുണ്ടായിരുന്നു.
ആന്റ് ഗ്രൂപ്പ് എന്ന തന്റെ ഫിന്‍ടെക്ക് കമ്പനി വഴി പുതിയ വായ്പാ രീതികള്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലായിരുന്നു ജാക്ക് മാ. ചൈനയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ പേമെന്റ് പ്ലാറ്റ്‌ഫോമായ അലിപേ ആന്റ് ഗ്രൂപ്പിന്റേതാണ്. ലോകത്തെ ഏറ്റവും വലിയ പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് (ഐ.പി.ഒ) ഒരുങ്ങുകയായിരുന്നു ആന്റ് ഗ്രൂപ്പ്. ചൈനയിലെ സര്‍ക്കാര്‍ നിയന്ത്രിത ബാങ്കുകള്‍ക്ക് വലിയ ഭീഷണിയാകുമെന്ന് കണ്ടാണ് ഭരണകൂടം ആന്റ് ഗ്രൂപ്പിനെതിരെ വെട്ടിനിരത്തല്‍ നപടികളാരംഭിച്ചത്. ആന്റ് ഗ്രൂപ്പിന്റെ നിയന്ത്രണം സര്‍ക്കാര്‍ കൈവശപ്പെടുത്തുമെന്നും റിപോര്‍ട്ടുണ്ടായിരുന്നു. പുതിയ നിയമങ്ങളിലൂടെ ആന്റ് ഗ്രൂപ്പിന്റെ ഐപിഒ നീക്കം തടഞ്ഞതോടെ അലിബാബയുടെ ഓഹരി മൂല്യവും ഇടിഞ്ഞു. 60 ബില്യണ്‍ ഡോളര്‍ ആസ്തിയോടെ അടുത്ത കാലം വരെ ചൈനയിലെ ഏറ്റവും വലിയ സമ്പന്നനായിരുന്ന ജാക്ക് മായുടെ ആസ്തിയില്‍ രണ്ടു മാസത്തിനിടെ മാത്രം 12 ബില്യണ്‍ ഡോളറിന്റെ ഇടിവാണുണ്ടായത്. ഇപ്പോള്‍ ജാക്ക് മാ നാലാം സ്ഥാനത്താണ്.