ന്യൂദല്‍ഹി- മൂന്നാം ഘട്ട പരീക്ഷണം പൂര്‍ത്തിയാക്കുന്നതിനു മുമ്പ് അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ച, ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിച്ച കോവാക്സിന് ഇപ്പോള്‍ ബാക്കപ്പ് മാത്രമാണെന്ന് ദല്‍ഹി ഓള് ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ. ഹൈദരാബാദിലെ ഭാരത് ബയോടെക് എന്ന കമ്പനി നിര്‍മിച്ച കോവിഡ് പ്രതിരോധ വാക്സിനാണ് കോവാക്സിന്. ഈ വാക്സിന്റെ മനുഷ്യരില്‍ നേരിട്ട് പരീക്ഷണം നടത്തുന്ന മൂന്നാം ഘട്ട ക്ലിനിക്കല്‍ ട്രയല്‍സ് നടന്നു വരുന്നതെയുള്ളൂ. അടിയന്തര ഘട്ടങ്ങളില്‍, കേസുകളില്‍ പെട്ടെന്നുള്ള വര്‍ധന ഉണ്ടാകുമ്പോള്‍ കൂടുതല്‍ ആളുകള്‍ക്ക് വാക്സിന് നല്‍കേണ്ടി വരും. ഈ ഘട്ടത്തില്‍ ഭാരത് ബയോടെക് വാക്സിന് ഉപയോഗിക്കും. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിച്ച ഓക്സഫഡ്-അസ്ട്ര സെനക വാക്സിന് വിതരണം കാര്യക്ഷമമാകുമോ എന്നുറപ്പില്ലാത്ത സാഹചര്യത്തില്‍ ഒരു ബാക്കപ്പ് ആയി ഭാരത് ബയോടെക് വാക്സിന് ഉപയോഗിക്കും- അദ്ദേഹം പറഞ്ഞു.
എല്ലാ വിവരങ്ങളും വിശദമായി പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്ത ശേഷമാണ് രണ്ടു വാക്സിനുകള്‍ക്ക് ഇന്ത്യയില്‍ അനുമതി നല്‍കിയിട്ടുള്ളത്. ചെലവ് കുറഞ്ഞതും വേഗത്തില്‍ നല്‍കാവുന്നതുമായ വാക്സിനുകളാണിവ. അധികം വൈകാതെ തന്നെ ഇതു ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.