ചെന്നൈ- അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എമ്മുമായുള്ള സഖ്യനീക്കം ഡി.എം.കെ ഉപേക്ഷിച്ചു. മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള സഖ്യകക്ഷികൾ എതിർപ്പ് ഉയർത്തിനെത്തുടർന്നാണ് ഡി.എം.കെ പിന്മാറ്റം. ഈ മാസം ആറിന് ചെന്നൈയിൽ നടക്കുന്ന മുസ്ലിം സംഘടനകളുടെ യോഗത്തിലേക്കു ഉവൈസിയെ ക്ഷണിച്ചിട്ടില്ലെന്നു ഡി.എം.കെ ന്യൂനപക്ഷ വിഭാഗം നേതാവ് ഡോ. ഡി.മസ്താൻ അറിയിച്ചു. കഴിഞ്ഞ ദിവസം മസ്താൻ തമിഴ്നാട്ടിലെ എ.ഐ.എം.ഐ.എം സംസ്ഥാന പ്രസിഡന്റ് വക്കീൽ അഹമ്മദിനൊപ്പം ഹൈദരാബാദിലെത്തി ഉവൈസിയെ കണ്ടിരുന്നു. സന്ദർശനത്തിന്റെ വിഡിയോ ദൃശ്യം പുറത്തുവരികയും ചെയ്തു. ഡി.എം.കെയുടെ ക്ഷണം സ്വീകരിച്ച് ഉവൈസി യോഗത്തിൽ പങ്കെടുക്കുമെന്ന് എ.ഐ.എം.ഐ.എം നേതാക്കൾ അറിയിച്ചിരുന്നു. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ മുപ്പതോളം സീറ്റുകളിൽ മത്സരിക്കുമെന്ന് എ.ഐ.എം.ഐ.എം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ന്യൂനപക്ഷ വോട്ടുകളിൽ വിള്ളൽ വീഴാതിരിക്കാനാണ് എ.ഐ.എം.ഐ.എമ്മുമായി സഖ്യമുണ്ടാക്കാൻ ഡി.എം.കെ തീരുമാനിച്ചത്. എന്നാൽ ഇത് കനത്ത എതിർപ്പ് ഉയർത്തിയിരുന്നു. മുസ്ലിം ലീഗിന് പുറമെ, സഖ്യത്തിലെ മനിതനേയ മക്കൾ കക്ഷിയും എതിർപ്പു പ്രകടിപ്പിച്ചു.