മുംബൈ- ഓഫീസില്‍ വൈകി എത്തുന്ന ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും പിഴ ശിക്ഷ നല്‍കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചു. മാസത്തില്‍ രണ്ടോ മൂന്നോ ദിവസം ജോലിക്ക് വൈകി എത്തിയാല്‍ ഒരു ദിവസത്തെ കാഷ്വല്‍ ലീവ് നഷ്ടമാകും. ഒമ്പതില്‍ കൂടുതല്‍ ദിവസം വൈകി ഓഫീസിലെത്തുന്നവര്‍ക്ക് ദിവസേന ആര്‍ജിത അവധി കുറയ്ക്കുമെന്നും പൊതുഭരണ വകുപ്പ് ഇറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. കാഷ്വല്‍ ലീവ് ബാക്കിയില്ലാത്ത ജീവനക്കാരുടെ ശമ്പളത്തോടെയുള്ള അവധി നഷ്ടമാകും. അവധികളൊന്നും ബാക്കിയില്ലാത്ത ജീവനക്കാരാണെങ്കില്‍ അവരുടെ ശമ്പളത്തില്‍ നിന്ന് പിഴയായി നിശ്ചിത തുക പിടിച്ചെടുക്കും.
രണ്ടു തവണയില്‍ കൂടുതലായി ഒന്നര മണിക്കൂര്‍ വൈകി ഓഫീസിലെത്തുന്ന ഉദ്യോഗസ്ഥരും ജീവനക്കാരും നഷ്ടമായ സമയം അധികമായി ഓഫീസില്‍ തുടരണം. സംസ്ഥാന സെക്രട്ടറിയേറ്റായ മന്ത്രാലയയില്‍ ജീവനക്കാര്‍ രാവിലെ ജോലിക്കെത്തേണ്ട സമയം 9.45 ആണ്. യാത്രാ പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് ഒരു മണിക്കൂര്‍ ഗ്രേസ് പിരീഡും അനുവദിച്ചിട്ടുണ്ട്. രാവിലെ 10.45നും 12.15നുമിടയില്‍ ഓഫീസിലെത്തുന്നവരെ വൈകി എത്തിയവരായി കണക്കാക്കിയാണ് പിഴ ഈടാക്കുക. ഈ സമയ പരിധിക്കു ശേഷം വരുന്നവരുടെ ആ ദിവസത്തെ പകുതി ശമ്പളവും നഷ്ടമാകും. ട്രെയ്ന്‍ വൈകി ഓടിയതു പോലുള്ള കാരണങ്ങളാല്‍ വൈകിയതാണെങ്കില്‍ പിഴ ഇല്ല. ജീവനക്കാരുടെ ഹാജര്‍ നില എല്ലാ മാസവും പരിശോധിക്കാനും വകുപ്പു മേധാവികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.