നാട്ടിൽ കഴിയുന്ന ഗൾഫുകാരന്റെ ഭാര്യയുടെ വേവലാതി: ഏതുനേരത്തും ജോലി നഷ്ടപ്പെട്ട് ഭർത്താവ് നാട്ടിലേക്ക് വരുമോ എന്ന പേടിയിൽ ഞാൻ കഴിയുന്നു. ഭർത്താവിനോടൊപ്പം ഉള്ളതുമായി കഴിയാൻ ആശയില്ലാഞ്ഞിട്ടല്ല. പക്ഷേ, ഭർത്താവ് തിരിച്ചെത്തിയാൽ ഉണ്ടാവാനിടയുള്ള പ്രശ്‌നങ്ങളോർത്ത് ഉറക്കവുമില്ല, ഭക്ഷണവും വേണ്ട. മക്കളുടെ പഠനം എവിടെയുമെത്തിയില്ല. വീടിന് തറയിട്ടിട്ടുപോലുമില്ല. ഇവിടെ വന്നാൽ എന്താണാവുകയെന്ന് നന്നായറിയാം. എന്നാൽ ഏത് സമയത്തും അവിടെനിന്ന് നാടുകടത്തപ്പെടുമെന്ന് എനിക്കറിയാം.
ഇതിന്റെ മറുപാതി കിടക്കുന്നു: ഞാനും നാട്ടിലേക്ക് ഉടൻ വരേണ്ടി വരും. കുടുംബത്തോടൊപ്പം ജീവിക്കാനിഷ്ടമില്ലാഞ്ഞിട്ടല്ല. എല്ലാം ഒഴിവാക്കി ഇവിടേക്ക് വന്നത്, ജീവിതത്തിലെ പല പ്രശ്‌നങ്ങൾക്കും അറുതിയുണ്ടാക്കാനാണ്. തുടങ്ങിയിട്ടില്ല, അതിനുമുമ്പ് നിർത്തേണ്ടി വന്നാൽ നാട്ടിലെത്തി എന്താണ് ചെയ്യുക? ഒരേ ഹൃദയത്തിന്റെ ഇരുപുറങ്ങളാണ്, ആകസ്മികതയിൽ, ഒരേ ആഴ്ചയിൽ തുറന്നുവെക്കപ്പെട്ടിരിക്കുന്നത്. ഇക്കരെയും അക്കരെയുമിരുന്ന് കനലെരിയുന്ന മനസ്സുമായി കഴിയുന്ന പലരുടേയും പ്രതിനിധികൾ. കാരണമാവട്ടെ ഒന്ന്: അകാലത്തുള്ള ഗൾഫുകാരുടെ തിരിച്ചുവരവ്.
സൗദി അടക്കമുള്ള രാജ്യങ്ങളിലെ സാമ്പത്തികമാന്ദ്യം നിരവധി പേർക്കാണ് തൊഴിൽ നഷ്ടമാക്കിയിരിക്കുന്നത്. ഇത് കേരളത്തിലെ ഓരോ കുടുംബങ്ങളിലും പ്രത്യാഘാതങ്ങളുണ്ടാക്കുകയായിരുന്നു. ഒളിഞ്ഞും തെളിഞ്ഞും പല കുടുംബങ്ങളിലുമുണ്ടാക്കിയ മാറ്റിമറിക്കലുകളുടെ രണ്ട് ദശകങ്ങൾക്കൊടുവിൽ, സൗദി അറേബ്യയിലെ പുതിയ സാഹചര്യം മലയാളികളുടെ പൊതുആകുലതയായ് മാറിയിരിക്കുന്നു.
ഗൾഫുകാരന്റെ തിരിച്ചുവരവാൽ ഉണ്ടാക്കപ്പെടുന്ന സാമ്പത്തികമായ പ്രശ്‌നങ്ങൾ കേരളത്തെ കണ്ണുരുട്ടുന്നു. പല കുടുംബങ്ങളേയുമത് ഞെട്ടിക്കുന്നു. സാമ്പത്തികമായ പ്രത്യാഘാതങ്ങൾക്കും മീതെ മാനസിക-സാമൂഹിക തലങ്ങളിൽ അത് അട്ടിമറിക്കലുകൾ നടത്തുന്നുണ്ട്. ആകുലത പല കുടുംബങ്ങളിലും അക്കരെയുമിക്കരെയും താമസിക്കുന്നവരുടെ സ്വസ്ഥത തകർക്കുന്നു. മാനസികപ്രശ്‌നങ്ങൾക്കുപോലും കാരണമായിത്തീരുന്നു. പ്രതീക്ഷകളോടെ ഗൾഫിലേക്ക് പോയവരും, പറഞ്ഞയച്ചവരുമാണിവർ. ആഗ്രഹിച്ച പല ഭൗതികനേട്ടങ്ങളും പൂർത്തീകരിക്കാനവർക്കായിട്ടില്ല. തേയ്ക്കാത്ത വീടും, കെട്ടിച്ചയക്കാറായ മക്കളും, പൂർത്തീകരിക്കാത്ത മക്കളുടെ വിദ്യാഭ്യാസവും അവരുടെ മുന്നിൽ കൊഞ്ഞനംകുത്തി നിലകൊള്ളുന്നുണ്ട്. മറ്റ് പലരുടെയും സ്വപ്‌നസഫലീകരണത്തിന് ജീവിതം തീറെഴുതിക്കൊടുത്തവരുടെ ഒടുങ്ങാത്ത വേവലാതിയിൽ പുതിയ സാഹചര്യങ്ങൾ എണ്ണയൊഴിച്ച് തീകൊളുത്തുകയാണ്. നാട്ടിൽ തിരിച്ചുവന്നാൽ എന്ത് ചെയ്യുമെന്നതുമൊരു പ്രശ്‌നമാണിവർക്ക്. ജോലി കണ്ടെത്തുക എളുപ്പമല്ല. ഗൾഫുകാരന് എന്ത് ജോലിയുമെടുത്ത് കഴിയാനുള്ള ആഗ്രഹവുമില്ല. പൊള്ളയായ താൻപോരിമയിൽ മുഖംമൂടിയണിഞ്ഞ് സ്വയം കെട്ടുകാഴ്ചയാവുമ്പോൾ അവർക്ക് നാട്ടിൽ ദിവസക്കൂലിക്ക് പണിയെടുക്കാൻ വയ്യ. അവരാശിച്ചാലും കുടുംബം അതിനനുവദിക്കുന്നില്ല. ഇല്ലായ്മയിലും ഇല്ലാത്ത സാമ്പത്തികമേന്മ നടിച്ച് സംഘർഷത്തിന്റെ കനലുകളിലായിരിക്കും പലരും എരിഞ്ഞ് കഴിയുക. നാട്ടിൽ അവരാശിക്കുന്ന ജോലിയും കിട്ടില്ല. ഗൾഫിലെ അവരുടെ തൊഴിലനുഭവങ്ങളും നേടിയ പരിശീലനവും തിരിച്ചുവരുമ്പോൾ ഫലപ്രദമായി വിനിയോഗിക്കാനുള്ള സർക്കാർ സംരംഭങ്ങളുമില്ല. നാട്ടിൽ തിരിച്ചെത്തിയാൽ, ജോലിയില്ലാതായി വന്നാൽ (ട്രൗസറഴിഞ്ഞ് വന്നതാണെന്ന് കോഴിക്കോടൻ പ്രയോഗം) പുതിയ സാഹചര്യങ്ങളെ എങ്ങനെ അഭിമുഖീകരിക്കണമെന്നവർക്കറിയില്ല. ഗൾഫുകാരുടെ പണംകൊണ്ട് മാറ്റിമറിക്കപ്പെട്ട ഒരു സാമൂഹിക ചുറ്റുപാടിലേക്കാണ് അപരിചിതരായി അവരെത്തുന്നത്. ഗൾഫ് കുടിയേറ്റത്താൽ വന്ന വിലക്കയറ്റവും ആഡംബരത്വവും ധൂർത്തും തന്നെയാണ് വരുന്നവരെ ഇളിച്ചുകാണിക്കുന്ന ഘടകങ്ങൾ എന്നതാണ് ഏറ്റവും ക്രൂരമായ വിരോധാഭാസം. വിലയേറ്റി പറയുന്ന മീൻകച്ചവടക്കാരന് മുന്നിലും, സംഭാവന ചോദിച്ചുവരുന്ന മതസംഘടനാ നേതാക്കന്മാരുടെ മുന്നിലും ഇല്ലായ്മയറിയിക്കാതിരിക്കാനിവർ പാടുപെടും. എൽ.ഐ.സി ഏജന്റിന്റെയും ബാങ്ക് മാനേജരുടെയും പിൻവലിയുന്ന മുഖങ്ങളവരെ വേദനിപ്പിക്കും. സ്വന്തം കുടുംബത്തിൽ തന്നെ വിലയില്ലാതാവും. പെറ്റമ്മയോ ഭാര്യയോ തന്നെ 'എങ്ങനെെയങ്കിലും ഗൾഫിലേക്ക് തന്നെ പോകണ'മെന്ന് സമ്മർദ്ദം ചെലുത്തുമ്പോൾ (പി.ടി കുഞ്ഞുമുഹമ്മദിന്റെ 'ഗർഷോം' എന്ന ചലച്ചിത്രം ഓർക്കുക) നിസ്സഹായതയിൽ സ്വയം ശപിച്ചേക്കും. മറ്റുള്ളവരുടെ മോഹങ്ങളുടെ സഫലീകരണത്തിന് ബലിയാടായ ഗൾഫുകാരൻ, താൻ കയ്യൊഴിയുകയോ ഇകഴ്ത്തുകയോ ചെയ്യുമ്പോൾ അനുഭവിക്കാനിടയുള്ള ആന്തരികസംഘർഷം കടുത്തതായിരിക്കും. ഗൾഫുകാരന്റെ അകാലത്തുള്ള തിരിച്ചുവരവ് പലരിലും തീവ്രതരമായ ഉൾമുറിവുകളാവും ഉണ്ടാക്കുക.
ഗൾഫ് രാജ്യത്തോടുള്ള വൈകാരികബന്ധവും ചിലർക്ക് അപ്രതീക്ഷിതമായ ആഘാതങ്ങളുണ്ടാക്കും. ഗൾഫ് രാജ്യങ്ങൾ സമ്പന്നത കൈവരിക്കുംമുമ്പ് വേരോടിയ ആത്മബന്ധമാണ് മലയാളിയുടേത്. നൂറ്റാണ്ടുകളുടെ വ്യാപാരബന്ധത്തിന്റെയും സാംസ്‌കാരിക വിനിമയങ്ങളുടേയും പുതിയ കണ്ണിയായി സുദൃഢപ്പെട്ടതാണ് കഴിഞ്ഞ് നാല് ദശകങ്ങളിലെ മലയാളിയുടെ ഗൾഫ് കുടിയേറ്റം. മറ്റ് പല രാജ്യങ്ങളിൽനിന്നുള്ള തൊഴിലാളികളേയും പരീക്ഷിച്ച ഗൾഫ് രാജ്യങ്ങൾ മലയാളിയെ തന്നെ തിരിച്ചുവിളിച്ചിട്ടുണ്ട്. കഥാകൃത്ത് കൂടിയായ ബെന്യാമിൻ എഴുതുന്നു: ''ചൈനക്കാരനേയും കൊറിയക്കാരനേയും വിയറ്റ്‌നാംകാരനേയും ഗൾഫ് പരീക്ഷിച്ച് നോക്കിയെങ്കിലും വളരെ വേഗം അതെല്ലാം കെട്ടടങ്ങുകയാണുണ്ടായത്''. മറ്റൊരു രാജ്യക്കാർക്കുമുണ്ടാക്കാനാവാത്ത മലയാളിയുടെ തൊഴിൽമേഖലയിലെ മേന്മ, ഭൂരിപക്ഷ കുടിയേറ്റക്കാരുടെ ആത്മാർത്ഥതയുടേയും കഠിനാദ്ധ്വാനത്തിന്റേയും പരിണതിയാണ്. 'മലയാളി ഗൾഫിൽ തുടരുന്നത് ആരുടേയും ഔദാര്യംകൊണ്ടല്ല. പകരം അവരുടെ മിടുക്കുകൊണ്ട് തന്നെയാണ്' എന്ന് ബെന്യാമിൻ. ഈ മിടുക്കും ആത്മബന്ധവും മുറിക്കപ്പെടുമ്പോൾ പലരിലും ഉണ്ടാക്കപ്പെടുന്ന പോറലുകൾ അദൃശ്യമാണെങ്കിലും തീവ്രതരമായിരിക്കും. ഗൾഫ് രാജ്യങ്ങൾ വിദേശികളെ എന്നും വിളിപ്പാടകലെ നിർത്തിയിട്ടേയുള്ളൂ എന്നറിയാവുന്ന മലയാളിക്കുപോലും ഈ നാടിന്റെ വികസനപ്രക്രിയയിലുണ്ടായ വൈകാരികബന്ധവും തന്റെയും കുടുംബത്തിന്റെയും സാമൂഹ്യപദവി മാറ്റിയെടുത്തതിലുള്ള കൂറും നിയമപരമായ കാരണങ്ങളാൽ ചാരമാക്കപ്പെടുമ്പോൾ അവരുടെ മാനസികാവസ്ഥയിലുണ്ടാക്കാവുന്ന പ്രത്യാഘാതങ്ങളും സാരമായിരിക്കും.ഒരിക്കൽ, ചിലപ്പോൾ പ്രതീക്ഷിക്കാത്ത ഒരവസരത്തിൽ നാട്ടിലേക്ക് മടങ്ങേണ്ടിവരുമെന്ന് മറന്ന് പ്രകടനപരതയിലും പൊങ്ങച്ചത്തിലും സ്വയം ഹോമിച്ചവർ കൂടിയാണ് പല ഗൾഫ് കുടിയേറ്റക്കാരും. ഉള്ളതിലപ്പുറം മേനി നടിച്ചതിന്റെ ബാധ്യതകൾ തിരിച്ചെത്തുമ്പോൾ സ്വയം വിഴുങ്ങാനെത്തുമെന്നവർ മനസ്സിൽ കണ്ടില്ല. നാട്ടിലെ പദവി മാറ്റത്തിന് ഈ നാടകം സഹായിക്കുന്നുവെന്ന് മനസ്സിലാക്കിയവരാണ് ഇക്കൂട്ടർ. മരുപ്പറമ്പിലെ ഉണങ്ങാത്ത വിയർപ്പിന്മേൽ നാട്ടിലെത്തുമ്പോൾ തണുത്ത കാറ്റ് വീശുന്ന അനുഭവം അവർ ആസ്വദിക്കുകയും ചെയ്തിട്ടുണ്ട്. രാഷ്ട്രീയക്കാരും മതസംഘടനകളും സാംസ്‌കാരികനേതാക്കളുമെല്ലാം ഇക്കൂട്ടരുടെ ആനുകൂല്യങ്ങൾ പറ്റുമ്പോൾ, നാളെ നാട്ടിൽ തിരിച്ചെത്തുമ്പോൾ ഇക്കൂട്ടരെല്ലാംതന്നെ കയ്യൊഴിയുമെന്നത് തിരിച്ചറിഞ്ഞില്ല പലരും. ചിലരെല്ലാമറിഞ്ഞും വേഷംകെട്ടുകയായിരുന്നു. അവധിനാളുകളിലെത്തുമ്പോൾ പലതും മറക്കാൻ, പലതും മറച്ചുപിടിക്കാൻ.
വരാനിരിക്കുന്ന കാലമെങ്കിലും ഗൾഫ് മലയാളികളും അവരുടെ കുടുംബാംഗങ്ങളും വന്നെത്താനിടയുള്ള പ്രതിസന്ധികളെ നേരത്തെ അറിഞ്ഞ് മുൻകരുതലുകളെടുക്കുന്നതാണ് വിവേകം. പൊങ്ങച്ചത്തിന്റെയും ബാഹ്യാഡംബരങ്ങളുടെയും വ്യാജപ്രകാശം ഏതുനേരവും മാഞ്ഞുമറയുമെന്നറിഞ്ഞ് യാഥാർത്ഥ്യബോധത്തോടെ ജീവിക്കുന്നതാണ് ഉചിതം. മിതത്വം വരുംനാളിലേക്കുള്ള പ്രതിരോധതതന്ത്രം കൂടിയാണെന്ന് മനസ്സിലാക്കേണ്ടതുണ്ട്. പ്രകടനപരത എക്കാലത്തും ആനപ്പുറമേറ്റി ആഘോഷമാക്കാൻ സാധിക്കുകയില്ലെന്നറിഞ്ഞ്, കപടതയുടെയോ വ്യാജബോധത്തിന്റെയോ താൽക്കാലികപ്പൊലിമയെ ഗൾഫ് മലയാളികളുടെ കുടുംബാംഗങ്ങൾ, ഏറ്റവും ചുരുങ്ങിയത് ഭാര്യയും മക്കളുമെങ്കിലും, പുൽകാതിരിക്കുന്നതും പ്രധാനപ്പെട്ടതാണ്. ഗൾഫ് മലയാളിക്ക് ആത്മാഭിമാനത്തോടെ നാട്ടിലേക്ക് തിരിച്ചുവരാനും, വന്നാൽ അതിജീവനത്തിന് സാഹസപ്പെടാതിരിക്കാനും ഗൾഫുകാരും ബന്ധുജനങ്ങളും തന്നെയാണ് മുൻകരുതലുകളെടുക്കേണ്ടത്.
തിരിച്ചുവരവിന്റെ ഭീതിയെ അഭിമുഖീകരിക്കാൻ സർക്കാർ സ്ഥാപനങ്ങളും പ്രവാസി സംഘടനകളും കർമ്മപരിപാടികൾ ആസൂത്രണം ചെയ്യേണ്ടതുണ്ട്. ഗൾഫുകാർക്ക് യാഥാർത്ഥ്യബോധം വളർത്താനുള്ള ദിശാബോധം നൽകണം. ഗൾഫ് രാജ്യങ്ങളിൽവെച്ചും, അവധിക്ക് നാട്ടിലെത്തുമ്പോഴും അവർക്ക് കൗൺസലിങ്ങ് നൽകാനുള്ള സൗകര്യങ്ങളുണ്ടാക്കേണ്ടതുണ്ട്. തിരിച്ചെത്താനിടയുള്ളവരുടെ ഊർജം വിഭവശേഷിയെക്കുറിച്ചുള്ള പഠനവും,
അവ ഉപയോഗിക്കാനുള്ള കൂട്ടുസംരംഭങ്ങളുടെ ആവിഷ്‌കാരം ഇനിയും വൈകിക്കൂടാ. ഒപ്പം, നാട്ടിലിരിക്കുന്ന ഗൾഫുകാരന്റെ കുടുംബാംഗങ്ങൾക്കുള്ള മാർഗനിർദ്ദേശങ്ങളും കൗൺസലിങ്ങും നൽകാനുള്ള സംവിധാനങ്ങൾ സംഘടിതമായി ആസൂത്രണം ചെയ്യപ്പെടേണ്ടതുണ്ട്. അപ്പോൾ കുറേയെങ്കിലും തിരിച്ചുവരവിന്റെ ആഘാതങ്ങൾ കുറക്കാറായേക്കും. രോഗം മൂർച്ഛിക്കാൻ കാത്തിരിക്കാതെ പ്രതിരോധതന്ത്രങ്ങൾ മെനയുന്നതും നടപ്പിൽ വരുത്തുന്നതുമാണ് ബുദ്ധി.